Tuesday, August 11, 2026

‘ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി  കോൺഗ്രസിന് സ്വന്തമായുണ്ട്, ലജ്ജാകാരം’: പിണറായി വിജയൻ

Date:

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ കൈയേറ്റ വിരുദ്ധ കർമസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലറാണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്നും പിണറായി കൂട്ടിച്ചേർത്തു. ഹിറ്റ്ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം –

തെലങ്കാനയിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. തൻ്റെ ബുൾഡോസർ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച ‘ഹൈഡ്ര’ (HYDRAA) എന്ന സംവിധാനത്തിന് ആ പേര് നൽകിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂർവ്വം പ്രസ്താവിച്ചിരിക്കുന്നു.

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാൻ ശേഷിയുള്ള ഒരു സംവിധാനമാണ് തൻ്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയിൽ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്.

ഹിറ്റ്ലറുടെ ഹൈഡ്ര ഒരു പോപ് കൾച്ചർ സൃഷ്ടി മാത്രമായിരുന്നെങ്കിൽ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂർത്തരൂപം നൽകാൻ ഒരു കോൺഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാൻ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോൺഗ്രസ്സിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.

ഹിറ്റ്‌ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ?

രേവന്ത്‌ റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലം കൂടിയാണ്. കോൺഗ്രസ്സിനകത്തും ഇതേ നിലപാടുകളുമായി അയാൾക്ക് മുന്നോട്ടുപോവാൻ കഴിയുന്നുണ്ട്. മറ്റൊരർത്ഥത്തിൽ, ഇത്തരം നിലപാടുകളെക്കൂടി ഉൾകൊള്ളുന്ന പാർടിയാണ് കോൺഗ്രസ്സ്. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവർത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികൾ ഈ അപകടം തിരിച്ചറിയുക തന്നെ വേണം.

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...