Thursday, October 15, 2026

സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’ 

Date:

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി
കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്ത്. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ 2025ലെ സ്ഥിതിയിലേക്ക് തിരികെ മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ നിലപാട് വ്യക്തമാക്കിയത്.

എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകൾ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് സിജെപി വിഷയം ഏറ്റെടുത്ത് രംഗത്ത് വന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും കുത്തിയിരിപ്പ് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകനും കണ്‍വീനറുമായ ദീപ്‌കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് മൂന്ന് പ്രധാന ആവശ്യങ്ങളാണ് കോ-കണ്‍വീനര്‍ സൗരവ് ദാസ് മുന്നോട്ടുവെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍, ഇതിനുപുറമെ, എസ്ഐആര്‍ സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ തീരുമാനങ്ങളിലും നടപടികളിലും കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സിന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളും എഴുതിനല്‍കിയ നിരീക്ഷണങ്ങളും ആഭ്യന്തര പരിശോധനകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുടെ സാധാരണ ഭാഗമാണെന്നും, എസ്ഐആര്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.

ഇതിനിടെ തന്നെയാണ് ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്തുവന്നത്. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കിയത് വൻ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടർന്ന്, ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യവും നിരാകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരാഴ്ചയ്ക്കിടെ എട്ടു തവണ കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും അതൊന്നും അംഗീകരിച്ചില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ 97 വോട്ടര്‍മാര്‍ പിന്നീട് മതിയായ രേഖകള്‍ സമര്‍പ്പിച്ചു. ഇവ വിശ്വാസയോഗ്യമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സോഫ്ട് വെയറിലെ തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ എട്ടുതവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് വിമർശനം.

ഗോവയിലെ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെ, ഫെബ്രുവരി 17നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടാം തവണ കത്തയച്ചത്. ഈ കത്തിനൊപ്പം പട്ടികയില്‍ നിന്നും ഒഴിവായ 97 പേരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള എല്ലാ പ്രക്രിയകളിലൂടെയും ഇവര്‍ അര്‍ഹരാണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരുന്നുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കത്തിൽ വ്യക്തമാക്കുന്നു. ഇവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം തിരുത്തണമെന്ന് വ്യക്തമായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചില്ല. EROതലത്തില്‍ വോട്ടര്‍മാരെ വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള രീതി സജ്ജമാക്കണമെന്നാണ് ഗോവ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജയ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...