Thursday, September 24, 2026

സിജെപി അന്ത്യശാസനം : ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ; ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

Date:

(Photo courtesy: X)

ന്യൂഡൽഹി : 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ മുന്നറിയിപ്പിന് പിന്നാലെ ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസ്.
പരിസരത്തെ ചുറ്റുമുള്ള റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.

എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകൾ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് സിജെപി വിഷയം ഏറ്റെടുത്ത് രംഗത്ത് വന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും കുത്തിയിരിപ്പ് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സിജെപി സ്ഥാപകനും കണ്‍വീനറുമായ ദീപ്‌കെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സിഇസിയുടെ രാജിയ്ക്കു പുറമെ മറ്റ് രണ്ട് ആവശ്യങ്ങൾ കൂടി സിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇതിനുപുറമെ, എസ്ഐആര്‍ സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

മമത ബാനർജിയുടെ മണ്ഡലത്തിൽ
51,000 വോട്ടുകൾ ഇല്ലാതാക്കിയതെന്ന് വ്യക്തമാക്കിയ ദീപ്‌കെ,15,000 വോട്ടുകൾക്കാണ് അവർ പരാജയപ്പെട്ടതെന്നും പറഞ്ഞു. എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകൾ ഇല്ലാതാക്കി. അദ്ദേഹം 9,000 വോട്ടുകൾക്ക് പരാജയപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലത്തിലാകട്ടെ
40,000 വോട്ടുകൾ ഇല്ലാതാക്കിയപ്പോൾ 4,000 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.
എസ്‌ഐ‌ആറിന്റെ വരവിന് പിന്നിലെ യഥാർത്ഥ കാരണം ഇതായിരുന്നോ എന്നാണ്
സിജെപി സ്ഥാപകൻ ചോദിക്കുന്നത്.

“മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏറ്റവും വലിയ ദേശവിരുദ്ധനാണ്. രാജ്യത്തെ ഏറ്റവും വലിയ ദേശവിരുദ്ധനാണ് ഗ്യാനേഷ് കുമാർ. ഇന്ത്യയുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായതിനാൽ അദ്ദേഹം ഉടൻ രാജിവയ്ക്കണം. നമ്മുടെ രാജ്യത്ത് ജനാധിപത്യം എന്താണ് അർത്ഥമാക്കുന്നത്? ജനാധിപത്യം എന്നാൽ ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുക്കുമെന്നായിരുന്നു. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി മാറിയതുമുതൽ, ആർക്കാണ് വോട്ട് ചെയ്യാൻ അനുവാദം നൽകേണ്ടതെന്നും ആർക്കൊക്കെ വോട്ട് ചെയ്യരുതെന്നും സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് ജനാധിപത്യമാണോ? ഇത് ജനാധിപത്യത്തിന്റെ ഏത് തരത്തിലുള്ള നിർവ്വചനമാണ്? നിങ്ങൾ ജനാധിപത്യത്തിന്റെ മുഴുവൻ ആശയത്തെയും തലകീഴായി മാറ്റി.”- ദീപ്കെ പറഞ്ഞു.

“ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവാണ്.
12 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത 97 കോടി വോട്ടർമാരിൽ ഏകദേശം 12.4% വരും ഇത്.
ബിജെപി നയിക്കുന്ന എൻഡിഎയും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം വെറും 2% മാത്രമായിരുന്നു. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുന്നില്ല, അദ്ദേഹം അവയ്ക്ക് തിരക്കഥയൊരുക്കുകയാണ്.”- ദീപ്കെ കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...

സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’ 

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍...

‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും

പത്തനംതിട്ട: ശബരിമലയിലെ  സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...