തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്നെന്ന പരാതി. ഇതിനെത്തുടർന്ന് . പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.
ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചുള്ള പരിശോധനയാണ് നടക്കുക. ഏതൊക്കെ പമ്പുകളിലാണ് പരിശോധനയെന്ന് നേരത്തെ അറിയിക്കില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷൻ്റെ നേതൃത്വത്തിൽ ഒരു പമ്പിൽനിന്ന് ആറു സാംപിൾ ശേഖരിക്കും. സംസ്ഥാന ഫോറൻസിക് ലാബിലായിരിക്കും ഇതിൻ്റെ പരിശോധന നടക്കുക.
ഫോറൻസിക് ലാബിന് പുറമെ എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും സാമ്പിൾ നൽകും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. അളവ് കൂടുതലുണ്ടെന്നു കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനിച്ചത്.
കണ്ണൂരിലെ ചില പമ്പുകളിൽ നിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വ്യാപകമായി വാഹനങ്ങൾ കേടാവുന്നുവെന്ന പരാതിയെത്തുടർന്നാണ് പരിശോധനകൾ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. അയൽസംസ്ഥാനമായ കർണാടകയിൽ ഇത്തരത്തിൽ അമിതമായി എഥനോൾ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും നീക്കം.
കർണാടകയിൽ നടത്തിയ പരിശോധനയിൽ 31.2 ശതമാനത്തിലേറെ എഥനോൾ സാന്നിദ്ധ്യമുണ്ടെന്നാണ് സർക്കാർ റിപ്പോർട്ട്. എന്നാൽ കർണാടക സർക്കാരിൻ്റെ പരിശോധനഫലം പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിയിരുന്നു. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയതെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമാണ് വാദം.
