[Photo Courtesy: US Central Command/X]
യുഎസ-ഇറാൻ സംഘർഷത്തിന് വീണ്ടും തുടക്കം. ഇറാൻ്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ വെള്ളിയാഴ്ച അമേരിക്ക വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) ശക്തമായ തിരിച്ചടിച്ചു.
സ്വിറ്റ്‌സർലൻഡിൽ ഇരുപക്ഷവും ചേർന്നുണ്ടാക്കിയ ധാരണാപത്രത്തിൽ ഒപ്പിട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ സൈനിക സംഘർഷമാണിത്. ആക്രമണത്തിൽ ഇരു ഭാഗത്തുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാന്റെ തിരിച്ചുള്ള ആക്രമണത്തിന് വാഷിംഗ്ടൺ മറുപടി നൽകാൻ ഒരുങ്ങുകയാണെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകുന്ന സൂചന.
ജൂൺ 25-ന് സിംഗപ്പൂർ പതാക ഘടിപ്പിച്ച എം/വി എവർ ലൗലി എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെ ത തുടർന്നാണ് ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും തങ്ങൾ ലക്ഷ്യമിട്ടതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുകടന്ന് ഒമാൻ തീരത്തുകൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് യുഎസ് സൈന്യം അറിയിച്ചു.
വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സേന നടത്തിയ ഈ പ്രകോപനപരമായ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് കമാൻഡ് കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ ടെഹ്‌റാൻ തകർക്കുകയാണെന്നും സെൻട്രൽ കമാൻഡ് ആരോപിച്ചു. ഇറാനുമായുള്ള കരാറിന്റെ എല്ലാ വശങ്ങളും പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് സൈന്യം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അമേരിക്കൻ സേന ഏകോപനം തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സൈനിക നടപടിക്ക് മണിക്കൂറുകൾക്ക് മുൻപ്, ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് ട്രംപ് ടെഹ്‌റാനെ കുറ്റപ്പെടുത്തിയിരുന്നു. ഒരു ഡ്രോൺ ചരക്കുകപ്പലിന്റെ മുകൾത്തട്ടിൽ പതിച്ച് നാശനഷ്ടമുണ്ടാക്കിയെങ്കിലും കപ്പലിന് യാത്ര തുടരാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമെന്ന് വിളിച്ച ട്രംപ്, ഇറാൻ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വാഷിംഗ്ടൺ എന്ത് നടപടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. തുടർന്നുണ്ടായ ഡ്രോൺ ആക്രമണത്തിന് നേരിട്ടുള്ള മറുപടിയായാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം പിന്നീട് സ്ഥിരീകരിച്ചു.
സെൻട്രൽ കമാൻഡ് ഓപ്പറേഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ ഒരു പിയറിന് ചുറ്റുമുള്ള പ്രദേശത്ത് യുഎസ് മിസൈൽ പതിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ നിയമം ലംഘിച്ച കപ്പലുകൾക്ക് നേരെ തങ്ങൾ നേരത്തെ മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയിരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.
നിലവിലെ ഈ അടിയന്തിര സാഹചര്യം ഹോർമുസ് കടലിടുക്കിനെ വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ഊർജ്ജ വിപണിയെയും ഗുരുതരമായി ബാധിക്കും.
കഴിഞ്ഞ ആഴ്ച അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തെത്തുടർന്ന്, ഈ തന്ത്രപ്രധാനമായ ജലപാത പ്രാദേശിക മേൽനോട്ടത്തിൽ തന്നെ തുടരണമെന്ന് ടെഹ്‌റാൻ നിർബന്ധിക്കുന്നതിനിടയിലാണ് പുതിയ സൈനിക ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്..എം/വി എവർ ലൗലിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, സമുദ്ര സുരക്ഷയെച്ചൊല്ലിയുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ വാഷിംഗ്ടണുമായി കൈകോർക്കുന്നതിനെതിരെ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടെഹ്‌റാനാണെന്നും ഇത് ഇരുപക്ഷവും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാമെന്ന ഇറാൻ്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് യുഎസും ആറ് ഗൾഫ് രാജ്യങ്ങളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഇറാൻ ശക്തമായി അപലപിച്ചു. ഈ പ്രസ്താവന ഇടപെടല സ്വഭാവമുള്ളതും ഉത്തരവാദിത്തമില്ലാത്തതും പ്രകോപനപരവുമാണെന്ന് ടെഹ്‌റാൻ വിശേഷിപ്പിച്ചു.
“ഒരു തീരദേശ രാജ്യം എന്ന നിലയിലുള്ള ഇറാന്റെ പങ്ക് കണക്കിലെടുക്കാതെയുള്ള സമാന്തര പാതകളോ തീരുമാനങ്ങളോ വഴി ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കഴിയില്ല,” ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി എക്സിൽ കുറിച്ചു. ഈ അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ വരുംദിവസങ്ങളിൽ ട്രാൻസിറ്റ് ഫീസ് നൽകേണ്ടിവരുമെന്ന് ഒമാൻ തങ്ങളുടെ സഖ്യകക്ഷികളെ അറിയിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച മൂന്ന് വിദേശ ടാങ്കറുകളെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് തുരത്തിയതായും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ കപ്പലുകൾ ഏതാണെന്ന് വ്യക്തമാക്കാനോ കൂടുതൽ വിവരങ്ങൾ നൽകാനോ അവർ തയ്യാറായില്ല.
