ബംഗളൂരു : കർണ്ണാടക പി എസ് സിയിൽ കോടികളുടെ അഴിമതി. ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പിഎസ്‍സി ചെയർമാൻ ശിവശങ്കരപ്പ എസ് സഹുകർ അടക്കമുള്ളവർ അഴിമതികളിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകൾ. ശിവശങ്കരപ്പയെ ഗവർണർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വെറ്ററിനറി ഓഫീസർ നിയമന അഴിമതിയിൽ ക്രിമിനൽ അന്വേഷണം നേരിടുന്ന പിഎസ്‌സി അംഗം ശാന്ത ഹൊസമണി ഒളിവിലാണ്. സിഐഡിയും ഇഡിയും ശാന്ത ഹൊസമണിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാറും നിയമന അഴിമതിയിൽ അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ കണ്ണാലെയും അറസ്റ്റിലായി.
വെറ്ററിനറി ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിൽ ഒരു തസ്തികയ്ക്കായി 80 ലക്ഷം മുതൽ 1 കോടി രൂപ വരെ കോഴ ഇടപാടുകൾ നടന്നതായാണ് ആരോപണം. ഒഎംആർ ഷീറ്റുകളിൽ കൃത്രിമം നടത്തിയാണ് പല തട്ടിപ്പുകളും നടത്തിയരിക്കുന്നത്. പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പറും ഉത്തരങ്ങളും വാട്സാപ്പിൽ ചോർത്തി നൽകി. ചോദ്യപേപ്പറിന് 80 ലക്ഷം രൂപ ആവശ്യപ്പെടുന്ന വീഡിയോ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
മുൻ ചെയർമാൻ ശിവശങ്കരപ്പ സാഹുകാറിന്റെ പെൺമക്കൾ വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റിയാണ് ജോലി സംഘടിപ്പിച്ചതെന്നാണ് ആരോപണം. 400 വെറ്ററിനറി ഓഫീസർമാരുടെ നിയമനത്തിൽ 400 കോടി രൂപയുടെ വൻ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് ബിജെപി ആരോപിക്കുന്നു. സർക്കാർ ഇതിൽ നടപടിയൊന്നും എടുക്കുന്നില്ലെന്നും ആരോപണമുയർത്തുന്നു ബിജെപി. അതേസമയം, നിലവിലെ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നിയമിച്ചത് ബിജെപി സർക്കാരാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പിഎസ്‌സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണ്ണമായി നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട പല നിയമന പരീക്ഷകളും കർണാടക എക്സാമിനേഷൻസ് അതോറിറ്റിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വെറ്ററിനറി ഓഫീസർ തസ്തികകൾ, ഗസറ്റഡ് പ്രൊബേഷണർ തസ്തികകൾ, ജൂനിയർ എഞ്ചിനീയർ തസ്തികകൾ (ജലവിഭവ വകുപ്പ്), എക്സ്റ്റൻഷൻ ഓഫീസർ തസ്തികകൾ (വ്യവസായ വാണിജ്യ വകുപ്പ്) തുടങ്ങി നിരവധി തസ്തികകളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
