കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെയും സത്യവാങ്മൂലത്തിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയിലേയും പ്രായത്തിലേയും പൊരുത്തക്കേടുകൾ കോടതിയുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിഷ്ക്രിയമായ നിലപാട് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് റിട്ട് ഹർജി ഫയൽ ചെയ്തത്.
സത്യവാങ്മൂലത്തിൽ ജനനത്തീയതി കൃത്യമായി വ്യക്തമാക്കാതെ തന്റെ പ്രായം ’60 വയസ്സിന് മുകളിൽ’ എന്നാണ് ഹസിറാണി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തിൽ ചൗഖാലി ഗംഗ പത്മ മിലൻ കന്യാ വിദ്യാപീഠത്തിൽനിന്ന് 1965-ൽ പത്താം ക്ലാസ് പരീക്ഷ പാസായതായും കാണിച്ചിരിക്കുന്നു. ഈ കണക്കുകൾ തമ്മിൽ വലിയ അന്തരവും പൊരുത്തക്കേടുമുണ്ടെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 2026-ൽ ഇവർക്ക് 60 വയസ്സാണ് പ്രായമെങ്കിൽ ഇവരുടെ ജനന വർഷം 1966 ആയിരിക്കണം. അതായത് പത്താം ക്ലാസ് പാസായെന്ന് പറയുന്ന 1965-ന് ഒരു വർഷം ശേഷമാണ് ഇവർ ജനിച്ചതെന്ന് വരും. ഇനി പ്രായം 65 ആണെന്ന് കണക്കാക്കിയാൽ പോലും നാലാം വയസ്സിൽ പത്താം ക്ലാസ് പൂർത്തിയാക്കിയെന്ന് വിശ്വസിക്കേണ്ടിവരും. സാധാരണയായി 14 മുതൽ 16 വയസ്സുവരെയുള്ള പ്രായത്തിലാണ് പത്താം ക്ലാസ് പാസാകുന്നതെങ്കിൽ ഇവരുടെ ജനനം 1949-51 കാലഘട്ടത്തിലായിരിക്കണം. അങ്ങനെയെങ്കിൽ നിലവിൽ ഇവർക്ക് 75 മുതൽ 77 വയസ്സുവരെ പ്രായമുണ്ടാകണം. ഈ കള്ളക്കണക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശുഭങ്കർ സർക്കാരിന്റെ നിർദ്ദേശപ്രകാരം പാർട്ടി മീഡിയ വിഭാഗം ചെയർപേഴ്സണും സൗത്ത് കൊൽക്കത്ത ജില്ലാ പ്രസിഡന്റുമായ മിത ചക്രവർത്തിയാണ് പാർട്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകനായ അജിതേഷ് പാണ്ഡെ മുഖേനയാണ് റിട്ട് നടപടികൾ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയിട്ടും വിഷയത്തിൽ കമ്മീഷൻ കൃത്യമായ അന്വേഷണം നടത്താത്തത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു
