കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി വിജ്ഞാപനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയതായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിജിലന്‍സ് കണ്ടെത്തിയത്. ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്‍ എംഡിയായിരുന്ന കാലത്തെ നിയമനങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. അടിത്തട്ടില്‍ മുതല്‍ ഡയറക്ടര്‍മാരുടെ നിയമനത്തില്‍ വരെ ക്രമക്കേട് നടന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഡെപ്യൂട്ടേഷനുകളും പുന:ര്‍നിയമനങ്ങളും ഇഷ്ടക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. വിജ്ഞാപനം ചെയ്ത യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തയാളെ ഒരു ഡയറക്ടറായി നിയമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒരേ പോസ്റ്റിലേക്കുള്ള നിയമനങ്ങള്‍ക്ക് യോഗ്യതയുടെ കാര്യത്തിലോ, സേവന വേതന വ്യവസ്ഥകളുടെ കാര്യത്തിലോ പൊതു നിയമമില്ല. ഓരോ നിയമനങ്ങളിലും യോഗ്യതകള്‍ മാറ്റിമറിക്കുന്നു. റിക്രൂട്ട്‌മെന്റിന് വ്യാപകമായ പരസ്യം നല്‍കുന്നില്ല. എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് പോലും എഴുത്തുപരീക്ഷ നടത്തുന്നില്ല. മെട്രോയിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ല എന്നുമാണ് വിജിലൻസ് കണ്ടെത്തൽ.
