തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ വിതരണത്തിനായി ജില്ലകൾ തോറും ഗ്രെയിൻ എടിഎം സ്ഥാപിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കേരളത്തിലെ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന പദ്ധതി ആദ്യം പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും. പിന്നീട് കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
കേന്ദ്ര സർക്കാർ 2022ൽ അവതരിപ്പിച്ച അന്നപൂർത്തി പദ്ധതിയുടെ ഭാഗമായി ഗ്രെയിൻ എടിഎമ്മുകൾ കൊണ്ടുവന്നിരുന്നു. ജാർഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം എടിഎമ്മുകൾ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അന്നപൂർത്തി എടിഎമ്മുകൾ തന്നെയാണ് കേരളത്തിലും എത്തുക എന്നാണ് അറിയുന്നത്. ഉപഭോക്താക്കൾക്ക് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ എടിഎമ്മിൽ നിന്ന് സൗകര്യപ്രദമായ ഏതു സമയത്തും റേഷൻ ധാന്യങ്ങൾ കൈപ്പറ്റാമെന്നതാണ് പ്രത്യേകത.
ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ’ സഹകരണത്തോടെയാണ് ഈ സ്മാർട്ട് സംവിധാനം ഒരുക്കുന്നത്. വെറും 5 മിനിറ്റിനുള്ളിൽ മെഷീനിൽ നിന്നും 50 കിലോഗ്രാം വരെയുള്ള ധാന്യങ്ങൾ കൃത്യമായ അളവിൽ ലഭിക്കും.
റേഷൻ എടിഎം ഉപയോഗിക്കുന്നത് എങ്ങനെ?
• ഉപഭോക്താക്കൾ ഗ്രെയിൻ എടിഎം മെഷീനിൽ റേഷൻ കാർഡ് നമ്പരോ ആധാർ നമ്പരോ നൽകണം.
• ഇനി ബയോമെട്രിക് സംവിധാനം (ഇ-പോസ്) വഴി വിരലടയാളം സ്കാൻ ചെയ്യണം. ബയോമെട്രിക് വിവരങ്ങൾ കേന്ദ്ര റേഷൻ ഡാറ്റാബേസുമായി മെഷീൻ തത്സമയം ഒത്തുനോക്കുകയും, ആ റേഷൻ കാർഡിന് അർഹതപ്പെട്ട ധാന്യത്തിന്റെ അളവ് എത്രയെന്ന് കണ്ടെത്തുകയും ചെയ്യും.
• ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതോടെ കാർഡിന് അർഹതപ്പെട്ട റേഷൻ ധാന്യങ്ങൾ (അരി, ഗോതമ്പ്) മെഷീൻ വഴി പുറത്തേക്ക് വരും. സ്ക്രീനിൽ കാണിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആവശ്യമുള്ള ധാന്യം തിരഞ്ഞെടുക്കാം.
• മെഷീന് താഴെ പാത്രം വെച്ചു കഴിഞ്ഞാൽ, കൃത്യമായ അളവിൽ ധാന്യം ഓട്ടോമാറ്റിക് ആയി അളന്നു തൂക്കി പുറത്തേക്ക് വരും.
• വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്കും തങ്ങളുടെ വിവരങ്ങൾ നൽകി ഇതിലൂടെ റേഷൻ കൈപ്പറ്റാനാകും.
• ആദ്യഘട്ട പരീക്ഷണം വിജയകരമാകുന്നതോടെ സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് കൂടുതൽ പഠനങ്ങൾ നടത്തും.
• ഡിജിറ്റൽ സംവിധാനമായതിനാൽ അളവിൽ കുറവ് വരുത്താനോ റേഷൻ വെട്ടിപ്പ് നടത്താനോ സാധിക്കില്ല.
