ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ ഒന്നിന് ‘ഇന്ത്യാ’ മുന്നണി ആഹ്വാനം ചെയ്ത റാലിക്ക് പിന്തുണ പ് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. എസ്ഐആർ നടപടി ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ജനങ്ങൾക്ക് അവരുടെ സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. അല്ലാതെ സർക്കാരിന് വോട്ടർമാരെ തെരഞ്ഞെടുക്കലല്ലെന്നും സിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.
‘എല്ലാറ്റിനും ഉപരി രാജ്യമാണ്! – എന്ന് സന്ദേശം മുന്നോട്ട് വെച്ച് അഭിജീത് ദിപ്കെ ‘എക്സിൽ’ പങ്കുവെച്ച പ്രസ്താവനയിലാണ് സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിച്ചത്. എസ്‌ഐആറിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സിജെപി പറയുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാൻ അദ്ദേഹത്തിൻ്റെ രാജി അത്യാവശ്യമാണെന്നും സിജെ.പി പ്രസ്താവനയിൽ അറിയിച്ചു.
ഓരോ അർഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്ന് സിജെപി. അറിയിച്ചു.
എന്നാൽ, റാലിയിൽ ദിപ്കെയോ സിജെപി നേതാക്കളോ പങ്കെടുക്കുന്ന കാര്യത്തിൽ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) കാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
