Sunday, July 5, 2026

ഐടി കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ : കേന്ദ്ര തൊഴിൽ കോഡുകളുടെ മറവിൽ നടത്തുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വി ശിവൻകുട്ടി

Date:

തിരുവനന്തപുരം : അമേരിക്ക ആസ്ഥാനമായുളള ‘കോറോ ഹെൽത്ത്’ എന്ന ഐടി കമ്പനിയുടെ കേരളത്തിലെ ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ തൊഴിൽ മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവൻകുട്ടി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ കോഡുകളുടെ മറവിലാണ് 850 ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെഡിക്കൽ കോഡിംഗ് വിഭാഗത്തിലെ ജീവനക്കാരെയായിരുന്നു ഈ പിരിച്ചുവിടൽ നടപടി.

പിരിച്ചുവിടലിനെ തുടർന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെടുകയും നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കമ്പനിയോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കേരള ലേബർ കമ്മീഷണറുമായി മന്ത്രി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. തങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരമല്ല മറിച്ച് ജോലി തിരികെ ലഭിക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർ അറിയിച്ചു. 

പുതിയ തൊഴിൽ കോഡുകളിലൂടെ തൊഴിൽ സുരക്ഷ ദുർബ്ബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഈ കൂട്ടപിരിച്ചുവിടലിൽ പ്രകടമാകുന്നതെന്ന് ശിവൻ കുട്ടി പറഞ്ഞു.  കേന്ദ്രത്തിന്റെ പുതിയ ലേബർ കോഡുകൾ പ്രകാരം, ജീവനക്കാരെ പിരിച്ചുവിടുന്നതിനും സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100-ൽ നിന്ന് 300 ആയി ഉയർത്തിയിട്ടുണ്ടെന്നും ഇത്തരം ഏകപക്ഷീയമായ പിരിച്ചുവിടലുകൾ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഐടി മേഖലയിൽ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അഭാവം മാനേജ്‌മെന്റുകൾക്ക് തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാൻ ധൈര്യം നൽകുന്നുണ്ടെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഐടി, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സിഐടിയു ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഈ മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ യൂണിയനുകൾ അനിവാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര തൊഴിൽ കോഡുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനായി മുൻ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി. ഗോപാലഗൗഡ കമ്മിറ്റിയുടെ ശുപാർശകളിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ കുറിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ അടുത്തിടെ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെയും ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം അപമാനകരവും കേരളത്തിന്റെ തൊഴിൽ സംസ്ക്കാരത്തിന് നിരക്കാത്തതുമാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളുടെ കാര്യത്തിൽ അഭിമാനം കൊള്ളുകയും അതേസമയം സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സാമ്പത്തിക ബാദ്ധ്യതയായി ചിത്രീകരിക്കുകയും ചെയ്യുന്നത് വൈരുദ്ധ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.

Share post:

Popular

More like this
Related

ആ പരാതി വ്യാജം; സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി കൂട്ടുകാരന് പ്രണയം തോന്നാത്തതുകൊണ്ടെന്ന് മൊഴി!

പത്തനംതിട്ട : പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരി വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന്...