Saturday, October 17, 2026

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

Date:

കൊച്ചി : നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ നിരസിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കൂട്ടുപ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസില്‍ കഴിഞ്ഞ ദിവസമാണ് രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന വാദം പൂര്‍ത്തിയായത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അപകടമുണ്ടായത്.  സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരണപ്പെട്ടു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായി നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസില്‍ ആദ്യം എഫ്‌ഐആര്‍ ഇട്ടപ്പോള്‍തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്ന് പേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വന്നതില്‍ ദുരൂഹതയുണ്ട്. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാന്‍ സാദ്ധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുന്‍പൊരു ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരെ ഇല്ലാതിരുന്നിട്ടും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ആളാണെന്ന് മുദ്രകുത്തി.

അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനുനേരെ വലിയതോതില്‍ ആക്രമണം നടത്തുകയാണ്. സാമൂഹിക മാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതാണ്. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം. രണ്ടുമുതല്‍ നാലുവരെയുളള പ്രതികള്‍ കാറിലെ യാത്രക്കാരാണ്. ഇവര്‍ കാറോടിച്ച പ്രതിയെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം. എഫ്‌ഐആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയില്‍ ഇതൊന്നും പറയുന്നില്ല. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയങ്കില്‍ അപകടം നടന്നിടത്ത് നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ. വേഗം തെളിയിക്കുന്ന എന്ത് രേഖയാണ് ഉള്ളത്. സിസിടിവി ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. സീന്‍ മഹസര്‍ ഒളിപ്പിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികൾ അമിതമായി മദ്യപിച്ചിരുന്നു. പ്രതികൾ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികൾ. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒന്നാം പ്രതിയുടെ രക്തത്തില്‍ 161 മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലിഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഉടനെ ഹാജരാക്കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

Share post:

Popular

More like this
Related

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം

തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍...

പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്‌മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി

കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്‌മാർഗ്...

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...