ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ ടെഹ്റാൻ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തിന് മറുപടിയായി ചൊവ്വാഴ്ച ഇറാനുമേൽ യുഎസ് അഴിച്ചുവിട്ട ആക്രമണം എണ്ണ വിലയിൽ പ്രതിഫലിച്ചു. ബുധനാഴ്ച ആഗോള അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്നു. രാവിലെ 8 മണി വരെ ബ്രെന്റ് ക്രൂഡ് ഓയിൽ 2.68% ഉയർന്ന് 76.15 ഡോളറിലാണ് വ്യാപാരം നടക്കുന്നത്, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 2.80% ഉയർന്ന് 72.41 ഡോളറായി.
ഇറാനെതിരെ അമേരിക്കയുടെ പുതിയ സൈനിക നടപടിയും ഇറാനിയൻ ക്രൂഡിന് മേലുള്ള ഉപരോധങ്ങൾ പുതുക്കിയതും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം വീണ്ടും തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണ വിലയിലെ ഈ വ്യതിയാനത്തിന് കാരണം.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്, ഈ വർഷം ആദ്യം സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ആഗോള ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇത് വഴിയാണ് നടന്നത്. ജലപാതയിലൂടെയുള്ള ഗതാഗതത്തിന് എപ്പോഴൊക്കെ തടസ്സം നേരിടുന്നുവോ അപ്പോഴെല്ലാം എണ്ണവിലയിലും അതിൻ്റെ പ്രതിഫലനം കാണാനാകും. സംഘർഷം തുടരുകയും കടലിടുക്ക് വഴിയുള്ള ടാങ്കർ ഗതാഗതം സാധാരണ നിലയേക്കാൾ വളരെ താഴെയായി തുടരുകയും ചെയ്താൽ, തത്ഫലമായുണ്ടാകുന്ന വിതരണ തടസ്സങ്ങൾ എണ്ണവില ഉയരാൻ കാരണമാകുമെനർത്ഥം.
കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്നാണ് എണ്ണവില താഴോട്ട് വന്നത്, ഇതനുസരിച്ച് കൂടുതൽ മിഡിൽ ഈസ്റ്റേൺ ക്രൂഡ് ഓയിൽ ആഗോള വിപണികളിലേക്ക് ഒഴുകുമെന്നുള്ള പ്രതീക്ഷ നിലനിൽക്കുബോഴാണ് പുതിയ സംഭവവികാസങ്ങൾ അതിനെ പാടെ അസ്ഥാനത്താക്കുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെത്തുടർന്ന് ഇറാനിയൻ ക്രൂഡ് ഓയിൽ വിൽപ്പന അനുവദിച്ച ജനറൽ ലൈസൻസ് യുഎസ് റദ്ദാക്കിയതിനെത്തുടർന്ന് ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില ഏകദേശം 3% വർദ്ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിതരണ ആശങ്കകൾ വർദ്ധിപ്പിക്കുന്ന തരത്തിൽ, ഒമാനിനടുത്തുള്ള സാധാരണ കപ്പൽ പാതയ്ക്ക് പകരം തങ്ങളുടെ തീരപ്രദേശത്തോട് ചേർന്നുള്ള വഴി ഉപയോഗിക്കാൻ ഇറാൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്. മറുഭാഗത്ത്, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തുറന്നിരിക്കണമെന്ന് യുഎസ് നിർബന്ധം പിടിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മാസത്തെ വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. തെക്കൻ ഇറാനിൽ വ്യോമാക്രമണം, എണ്ണ ഉപരോധം പുന:സ്ഥാപിക്കൽ, കൂടുതൽ സൈനിക നടപടികളുടെ ഭീഷണി എന്നിവയിലൂടെ യുഎസ് കരാർ ലംഘിച്ചുവെന്ന് ഇറാന്റെ ഉന്നത ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഗാലിബാഫ് ചൂണ്ടിക്കാട്ടി
