Sunday, August 30, 2026

സെഞ്ച്വറിയ്ക്കരികെ സവാള!; വില നിയന്ത്രിക്കാൻ കേരളത്തിലേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്രം

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വില സെഞ്ച്വറിയ്ക്ക് അരികിലാണ്. ചില്ലറ മാർക്കറ്റിൽ കിലോയ്ക്ക് 80 രൂപ കടന്ന് മുന്നേറുകയാണ് സവാള വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ്  വ്യാപാരികൾ പറയുന്നത്. ഓണത്തോടനുബന്ധിച്ച് കൂടിയതാണ്. പിന്നെയിങ്ങോട്ട് താഴോട്ട് വന്നിട്ടില്ല സവാളയുടെ വില നിലവാരം.

സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥ പ്രശ്നങ്ങളാണ് വില വർദ്ധനവിന് കാരണമായതെന്നാണ് പറയുന്നത്. എന്നാൽ, രാജ്യത്തെ ഉള്ളി വില വർദ്ധനവിന് കാരണം ഇടനിലക്കാരാണെന്നും കർഷകർക്ക് ന്യായമായ വരുമാനം ലഭിക്കണമെന്നും ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ ഉത്പന്നം ലഭിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, ലാഭക്കൊതി എന്നിവയാണ് വിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു.

കേരളത്തിൽ സവാള വില ഉയരുന്ന സാഹചര്യത്തിൽ എറണാകുളത്തേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു. മധുര, എറണാകുളം, ഗുവാഹത്തി എന്നീ മൂന്ന് സ്ഥലങ്ങളിലേക്ക് ഒന്നിനുപുറകെ ഒന്നായി സവാള എത്തിക്കും. ഡൽഹി – എൻ‌സി‌ആറിലും സമീപ നഗരങ്ങളിലും വിലക്കയറ്റം തടയുന്നതിനും വിതരണം വർദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് 453.65 ടൺ സവാള ഡൽഹിയിൽ എത്തിച്ചു.

21 വാഗണുകളിലായിട്ടാണ് 453.65 ടൺ ഉള്ളി ദേശീയ തലസ്ഥാനത്ത് എത്തിച്ചത്. നാസിക്കിൽ സൂക്ഷിച്ചിരിക്കുന്ന സവാളയ്ക്ക് ഡൽഹി – എൻസിആറിൽ കിലോയ്ക്ക് 35 രൂപ സബ്സിഡി നിരക്കിൽ വിൽക്കും. സ്റ്റോക്കിന്റെ ഒരു ഭാഗം ചണ്ഡീഗഡ്, ലുധിയാന, ജമ്മു തുടങ്ങിയ സമീപ നഗരങ്ങളിലേക്കും എത്തിക്കുമെന്ന് ഖരെ പറഞ്ഞു.

കനത്ത മഴ സവാളയുടെ ഉത്പാദനത്തെ ബാധിച്ചു. ഇന്ത്യയിൽ ഈ വർഷം 307.37 ലക്ഷം ടൺ ഉള്ളി ഉത്പാദിപ്പിച്ചു. ഇത് ആഭ്യന്തര ആവശ്യകതയേക്കാൾ കൂടുതലാണ്. എന്നാൽ റാബി വിളയുടെ വിളവെടുപ്പിനിടെ പെയ്ത കനത്ത മഴ തിരിച്ചടിയായി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്ത മഴ സവാളയുടെ ഉത്പാദനത്തെ ബാധിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലെ ചൂടും ഈർപ്പവും സ്ഥിതി കൂടുതൽ വഷളാക്കി. ഇതോടെ ഫംഗസ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉള്ളി നശിച്ചു.

പ്രതിമാസം ഏകദേശം 17 ലക്ഷം മെട്രിക് ടൺ സവാളയാണ് ഉപയോഗത്തിന് ഏകദേശം വേണ്ടത്. അതായത് പ്രതിവർഷം ഏകദേശം 204 ലക്ഷം ടൺ സവാള. ഉത്പാദനം ഏകദേശം 307 ലക്ഷം ടൺ ആയതോടെ വിതരണം സുഗമമാകുമെന്ന് കരുതിയെങ്കിലും കാലാവസ്ഥ തിരിച്ചടിയായതോടെ സ്റ്റോക്കിൽ കുറവുണ്ടായി. സംഭരിച്ചിരിക്കുന്ന ഉള്ളിയുടെ 35% മുതൽ 40% വരെ നഷ്ടപ്പെടുമ്പോൾ കനത്ത പ്രതിസന്ധിയുണ്ടാകും. തൽഫലമായി ഉള്ളി വിപണികളിൽ എത്തുന്നതിന്റെ ആകെ ചെലവ് കിലോഗ്രാമിന് ഏകദേശം 30 മുതൽ 32 രൂപ വരെയായി ഉയരുമത്രെ.

Share post:

Popular

More like this
Related

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 ഞായർ...