Saturday, September 12, 2026

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

Date:

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്   നഷ്ടക്കണക്കുകൾ മാത്രമാകും. റിസർവേഷൻ ക്വാട്ട, ട്രെയിനുകളുടെ നിയന്ത്രണം, വരുമാന നഷ്ടം എന്നിങ്ങനെ നീളും ആ പട്ടിക. ഇതെല്ലാം ഗുണകരമാകുന്നത് കർണാടകയ്ക്കാണ് എന്നത് ശ്രദ്ധേയം. മംഗളൂരു മേഖല ഉള്ളാൾ വരെയുള്ള ഭാഗം സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്കാണ് മാറ്റുന്നത്. ഒക്ടോബർ 1 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

പാലക്കാട് റെയിൽവേ ഡിവിഷനിൽ കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം ഇനി മുതൽ മൈസൂർ ഡിവിഷനു കീഴിലാവുന്നതോടെ ഏകദേശം 37 കോടിയോളം രൂപയാണ് പാലക്കാട് ഡിവിഷനിൽ ഇല്ലാതാകുന്നതെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. വിഭജനത്തോടെ പാലക്കാട് ഡിവിഷൻ്റെ പ്രസക്തി ഇല്ലാതാകും.

നിലവിൽ പാലക്കാട് ഡിവിഷനിൽപ്പെട്ട മംഗലാപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ ഇനി പാലക്കാടിന് അവകാശമുണ്ടാകില്ല. പകരം, തീരുമാനമെടുക്കാനുള്ള അധികാരം മൈസൂർ ഡിവിഷന് ലഭിക്കും. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണ്ണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും.

എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറിൽ ഉള്ളവർ പ്രത്യേകിച്ച് കേരളത്തിലുള്ളവർ ഇനി മുതൽ മൈസൂർ ഡിവിഷനെ ആശ്രയിക്കേണ്ടി വരും. നിലവിൽ മംഗളൂരു ജങ്ഷൻ മുതൽ കാസർഗോഡ് വരെ ഒരൊറ്റ റെയിൽവേ സോണിൻ്റെ (സതേൺ റെയിൽവേ) കീഴിലായിരുന്ന ഇടനാഴി, ഇനിമുതൽ രണ്ട് വ്യത്യസ്ത സോണുകളിലൂടെയാണ് (സൗത്ത് വെസ്റ്റേൺ റെയിൽവേയും സതേൺ റെയിൽവേയും) കടന്നുപോവുക. ഇത് മംഗളൂരു ഭാഗത്തുനിന്ന് കാസർഗോഡ് ജില്ലയിലേക്കുള്ള പുതിയ ട്രെയിൻ സർവ്വീസുകൾ, ഹാൾട്ടുകൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയ്ക്ക് ഇനി രണ്ട് സോണുകളുടെയും ഏകോപിത അനുമതി ആവശ്യമായി വരാം എന്നാണ് അർത്ഥമാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു.

കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷൻ്റെ അനുമതി കൂടി വേണ്ടി വരും. മാത്രമല്ല പാലക്കാട്‌ ഡിവിഷനിൽ നിലവിൽ 100 കോടി രൂപ വരെ ഉണ്ടാക്കി കൊടുക്കുന്ന സ്റ്റേഷനുകൾ ആണ് മംഗലാപുരം സെൻട്രൽ, മംഗലാപുരം ജങ്ഷൻ എന്നിവ. ചുരുക്കി പറഞ്ഞാൽ പ്രതി വർഷം 600 കോടിക്ക് മുകളിൽ ആകെ വരുമാനം കിട്ടുന്ന സ്ഥലങ്ങളാണ് മൈസൂർ ഡിവിഷനിലേക്ക് പോകുന്നതെന്നും എംപി ചൂണ്ടിക്കാട്ടുന്നു. ഇതോടെ വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവാണ് പാലക്കാടിന് സംഭവിക്കുക.

പാലക്കാട് ഡിവിഷൻ്റെ അവിഭാജ്യങഘടകമായ NMPA (New Mangalore Port Authority) പോർട്ട് ഉൾപ്പെടുന്ന മംഗലാപുരം മേഖല നഷ്ടമായാൽ, പ്രവർത്തന ലാഭമില്ലെന്ന കാരണം കാട്ടി ഭാവിയിൽ പാലക്കാട് ഡിവിഷൻ സേലത്തിലോ തിരുവനന്തപുരത്തോ ലയിപ്പിക്കപ്പെട്ടേക്കാമെന്ന ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്.

Share post:

Popular

More like this
Related

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...