തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ ഒരാളെ അറസ്‌റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. പി എസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സി ചെയര്‍മാന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കേയാണ്, കേസുമായി ബന്ധപ്പെട്ട് മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.
സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സതീഷിനെ കൂടാതെ ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതി ചേര്‍ത്ത അഡീഷണല്‍ സെക്രട്ടറി ഹരിയെ കഴിഞ്ഞ ദിവസം പി എസ് സി സസ്പെൻഡ് ചെയ്തിരുന്നു.
പരീക്ഷയില്‍ 54 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിര്‍ണ്ണയം നടത്താതെ, ഒരാള്‍ക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സതീഷിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് മുന്‍പ് രണ്ടു തവണ സതീഷിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
