Monday, July 20, 2026

സ്പെയിൻ ജേതാക്കൾ, ഫിഫ ലോകകപ്പിൽ മുത്തമിട്ട് സ്പാനിഷ് പട; നാലാം ലോകകപ്പ് കൈവിട്ട് മെസ്സി, അർജന്റീനയുടെ പരാജയം  1- 0 ന്

Date:

[Photo Courtesy : Fifa World Cup/x]

ന്യൂയോർക്ക് : മികച്ച കളി പുറത്തെടുത്തവർ കപ്പ് നേടി, കളി മറന്നവർ കളത്തിന് പുറത്തായി. 2026 ലോകകപ്പിൽ മുത്തമിട്ട് സ്പെയിൻ. ജൂലൈ 19 ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ 1-0 നാണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. അവസാന നിമിഷമെങ്കിലും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കാലിൽ നിന്ന് മാജിക് പിറക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർ നിരാശരായി മടങ്ങി.

നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായതിനാൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൻ്റെ 106-ാം മിനിറ്റിലാണ് സ്പാനിഷ് പട വിജയം കുറിച്ചത്. പകരക്കാരനായിറങ്ങിയ ഫെറാൻ ടോറസിൻ്റേതായിരുന്നു വിജയഗോൾ.  പകരക്കാരനായി തന്നെ എത്തിയ നിക്കോ വില്യംസ് നൽകിയ അസിസ്റ്റിലൂടെയാണ് ഗോൾ പിറന്നത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങൾക്കായില്ല എന്നത് തന്നെ സ്പാനിഷ് പടയുടെ വിജയത്തിന് പ്രസക്തിയേറ്റുന്നു.

2010-ൽ ചാമ്പ്യന്മാരായിരുന്ന സ്പെയിനിൻ്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്.  അർജന്റീനയാകട്ടെ, അവരുടെ നാലാം ലോകകപ്പ് കിരീടം കൈവിട്ടു. തുടർച്ചയായുള്ള കിരീടനേട്ടങ്ങൾ എന്ന ഇറ്റലിയുടെയും ബ്രസീലിന്റെയും സ്ഥാനമലങ്കരിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. 1934 ലും 1938 ലും ഇറ്റലിയും 1958, 1962 മത്സരങ്ങളിൽ ബ്രസീലും തുടർച്ചയായി കപ്പ് ഉയർത്തിയവരാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ   സ്പെയിൻ ആക്രമണാത്മകമായ കളിയാണ് പുറത്തെടുത്തത്. അഞ്ചാം മിനിറ്റിൽ യമാൽ നടത്തിയ മുന്നേറ്റത്തിൽ അർജന്റീന ശരിക്കൊന്നു പതറി. ഗോളി എമിലിയാനോ മാർട്ടിനെസ് ആയാസപ്പെട്ടാണ് ആ ഷോട്ട് രക്ഷപ്പെടുത്തിയത്. തുടർന്നും വലത് വിങ്ങിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ 20 മിനിറ്റിനിടെ ലയണൽ മെസ്സിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്. ആദ്യ പകുതിയുടെ  65 ശതമാനവും പന്ത് സ്പാനിഷ് പടയുടെ കൈവശമായിരുന്നു. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിലും ആധിപത്യം സ്പാനിഷ് ടീമിന് തന്നെയായിരുന്നു. എട്ട് തവണയാണ് എതിർ ഗോൾമുഖം ലക്ഷ്യമാക്കി അവർ ഷോട്ടുകൾ പായിച്ചത്. അപ്പോഴെല്ലാം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്  രക്ഷകനായി. സ്‌പെയിനിന്റെ മുന്നേറ്റങ്ങൾക്കു മുന്നിൽ മറുപടിയുമില്ലാതെ കളി മറന്ന അവസ്ഥയിലായിരുന്നു അർജന്റീന താരങ്ങൾ. ഒരു വേള, ലയണൽ മെസ്സിയുടെ കാലൊന്ന് തൊടാൻ വേണ്ടി പന്ത് പോലും കൊതിച്ചുകാണും !

ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരുമയാണ് കളി തുടർന്നത്. സ്പാനിഷ് മധ്യനിരയെ പതിവുപോലെ ഉണർന്നുകളിക്കാൻ അർജന്റീന അനുവദിച്ചില്ല എന്നത് മാത്രമാണ് ഗോൾ രഹിതമായി കളി പിടിച്ചു നിർത്താൻ സഹായിച്ചത്. ഒപ്പം, അർജന്റീനയുടെ
പ്രതിരോധനിര ഉറച്ചുനിന്നു. ഇടക്ക് അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ചില മുന്നേറ്റങ്ങൾക്ക് ശ്രമിച്ചതോടെയാണ് മത്സരം ആവേശകരമായി മാറിയത്. മറുഭാഗത്തും തുടർച്ചയായി സ്‌പെയിൻ അർജന്റീന ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. 67-ാം മിനിറ്റിൽ യമാലിന്റെ പാസിൽ നിന്നുള്ള ഫെറാൻ ടോറസിൻ്റെ ഹെഡർ മാർട്ടിനസ് രക്ഷപ്പെടുത്തുകയായിരുന്നു.

കളിയുടെ അവസാന സമയത്ത് അർജൻ്റീന ഗോൾമുഖത്ത് സ്‌പെയിൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും രക്ഷകനായ മാർട്ടിനസും ഗോൾ നേടുന്നതിന് തടസ്സമായി.  95-ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മിക്കെൽ മെറീനോ, നിക്കോളാസ് ഒട്ടമെൻഡിയെ ഫൗൾ ചെയ്തതെന്ന് വ്യക്തമായതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. 102-ാം മിനിറ്റിൽ ഉറച്ചൊരു ഗോളവസരം മിക്കെൽ മെറീനോ നഷ്ടപ്പെടുത്തിയതാണ് മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നിമിഷം. നിക്കോ വില്യംസ് നൽകിയ ക്രോസിൽ കൃത്യമായി തലവെച്ചു കൊടുത്ത മെറീനോയുടെ ഹെഡർ പക്ഷേ, പോയത് പുറത്തേക്കാണ് !

Share post:

Popular

More like this
Related

നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി...

ഇറാനിലെ ഡാർകോവിൻ ആണവ നിലയം ആക്രമിച്ച് അമേരിക്ക; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്നും റിപ്പോർട്ട്

ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്അമേരിക്ക. ഇറാനിൽ നിർമ്മാണം...

സിജെപിയുടെ ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ച് ഇന്ന്; അനുമതിയില്ലെന്ന്  ഡൽഹി പോലീസ്

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ജൂലൈ...