യുഎസ് – ഇറാൻ ധാരാണാപത്രത്തിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ നടക്കുന്ന നിർണ്ണായക ചർച്ചകളെ ആശ്രയിച്ചിരിയ്ക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ച ധാരണാപത്രത്തിൻ്റെ അന്തിമവിധിയെഴുതും. ഇരുപക്ഷത്തിനും തട്ട്കേടില്ലാത്ത ഒരു കരാറിന് വേണ്ടിയുള്ള സാങ്കേതിക തല ചർച്ചകൾ നടത്തുകയാണ് ലക്ഷ്യം. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ലെബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ കൂടിയാണ് സ്വിറ്റ്സർലൻഡിലെ ചർച്ചകൾക്ക് പ്രസക്തിയേറുന്നത്.
ആണവ പദ്ധതി, ഉപരോധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ശ്രമിക്കുന്ന 14 പോയിന്റ് ധാരണാപത്രത്തിൽ ഈ ആഴ്ച യുഎസും ഇറാനും ഒപ്പ് വെച്ചിരുന്നു. എന്നാൽ, അതേസമയം തന്നെ അമേരിക്കയും ഇറാനും തമ്മിലുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു എന്നതും യാഥാർത്ഥ്യമാണ്. പല പ്രധാന ചോദ്യങ്ങളും ഇപ്പോഴും വ്യക്തമല്ല. ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇറാന്റെ ആണവ പദ്ധതിയാണ്. സമ്പുഷ്ടീകരിച്ച യുറേനിയത്തിന് എന്ത് സംഭവിക്കും, ഭാവിയിലെ ആണവ പ്രവർത്തനങ്ങൾ എങ്ങനെ നിരീക്ഷിക്കും എന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഒരു അന്തിമ ധാരണയിലെത്തിയിട്ടില്ല.
ചർച്ചകൾക്ക് മുന്നോടിയായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കി. ലെബനനിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് കാരണമെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇപ്പോൾ വെടിനിർത്തൽ നിലവിൽ വന്നതോടെ ചർച്ചകൾ വീണ്ടും ശരിയായ പാതയിലാണെന്ന് തോന്നുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയുമായി സ്റ്റീവ് വിറ്റ്കോഫ് കൂടിക്കാഴ്ച നടത്തും. ലെബനന്റെ പ്രശ്നവും ഈ കരാറിൽ നിർണ്ണായകമാണ്. ലെബനൻ ഉൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലേയും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇടക്കാല കരാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഈ കരാറിൽ തങ്ങൾ ഒരു കക്ഷിയല്ലെന്നും തെക്കൻ ലെബനനിൽ തങ്ങളുടെ സൈനിക സാന്നിദ്ധ്യം നിലനിർത്തുമെന്നുള്ള നയമാണ് ഇസ്രായേലിനുള്ളത്. വിഷയത്തിൽ, ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനുമായി ഇസ്രായേലി അംബാസഡർ ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെട്ട സംഭവവും ഇതിനിടെ ചർച്ചയായിരുന്നു
കരാറിന്റെ ഏതൊരു ലംഘനത്തിനും അമേരിക്ക ഉത്തരവാദിയായിരിക്കുമെന്ന് ഇറാൻ പറയുന്നു. അതുകൊണ്ട് തന്നെ ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ യുഎസും ഖത്തറും അതിവേഗം മദ്ധ്യസ്ഥരായി. സാമ്പത്തിക മേഖലയിലും ഈ കരാർ പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിർദ്ദിഷ്ട കരാർ പ്രകാരം, ഇറാന് ഉപരോധങ്ങളിൽ നിന്ന് ഇളവ് ലഭിക്കാനും, മരവിപ്പിച്ചിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകൾ ലഭ്യമാകാനും, എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്യും. കൂടാതെ, ഇറാന്റെ പുന:ർനിർമ്മാണത്തിനായി 300 ബില്യൺ ഡോളർ ഫണ്ടും ചർച്ച ചെയ്യപ്പെടുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിട്ടുണ്ട്. യുദ്ധകാലത്ത് ഇറാൻ കടലിടുക്ക് ഉപരോധിച്ചത് ആഗോള എണ്ണ വിപണിയെ ബാധിച്ചിരുന്നു. എണ്ണ വിതരണം ഇപ്പോൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്, ഇടക്കാല ചർച്ചകളിൽ നിർദ്ദേശിക്കപ്പെട്ട താരിഫുകൾ ഒഴിവാക്കുമെന്ന് ഇറാൻ സൂചിപ്പിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിനെ നിരന്തരം പ്രതിരോധിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അമിതമായ ഇളവുകൾ നൽകിയെന്ന് വിമർശകർ ആരോപിക്കുന്നു. എന്നിരുന്നാലും, ഇറാൻ ദുർബ്ബലമായ നിലയിലാണെന്നും യുഎസ് വലിയ ഇളവുകളൊന്നും നൽകിയിട്ടില്ലെന്നും ട്രംപ് അവകാശപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, സ്വിറ്റ്സർലൻഡിൽ നടക്കുന്ന യോഗം വെറുമൊരു ഔപചാരിക സംഭാഷണം ആയിരിക്കില്ല, മറിച്ച് ഈ 60 ദിവസത്തെ ഇടക്കാല കരാർ ശാശ്വത സമാധാനത്തിലേക്ക് മാറുമോ അതോ അമേരിക്കയും ഇറാനും വീണ്ടും സംഘർഷത്തിന്റെ പാതയിലേക്ക് മടങ്ങുമോ എന്ന് തീരുമാനിക്കും.
