തിരുവനന്തപുരം : സംസ്ഥാനത്തെ അപ്രഖ്യാപിത പവർക്കട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യുച്ഛക്തി വകുപ്പ് മന്ത്രി സണ്ണി ജോസഫിനും എതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം.എം. മണി. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച്, പുതിയ കരാറുകൾ ഉണ്ടാക്കി അതിന്റെ പേരിൽ വൻതോതിൽ കമ്മീഷൻ അടിക്കാനുള്ള നീക്കമാണ് ഭരണതലത്തിൽ നടക്കുന്നതെന്ന് മണി ആരോപിച്ചു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ സർക്കാരിന് ദീർഘവീക്ഷണമില്ലെന്നും ഭരണം നടത്താൻ കഴിവില്ലെങ്കിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആ കസേരകളിൽ തുടരാതെ രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണമെന്നും എം എം മണി ആവറ്യപ്പെട്ടു.
നല്ല രീതിയിൽ മഴ ലഭിച്ചാലും സംസ്ഥാനത്തെ മുഴുവൻ ജലവൈദ്യുതി പദ്ധതികൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ചാലും കേരളത്തിന് ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി മാത്രമെ ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് എം.എം. മണി വ്യക്തമാക്കി. ബാക്കി വരുന്ന 60 ശതമാനം വൈദ്യുതിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവിധ കരാറുകൾ വഴിയും വാങ്ങിയാണ് ഇവിടെ തടസ്സമില്ലാതെ വിതരണം ചെയ്തിരുന്നത്. മഴ കുറയുമ്പോൾ ജലസംഭരണികളിൽ വെള്ളം താഴ്ന്നാലുണ്ടാകാവുന്ന വൈദ്യുതി ക്ഷാമം മുൻകൂട്ടി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. “വെറുതെ പ്രാർത്ഥിച്ചാൽ മാത്രം മഴ പെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ സർക്കാരിന് കഴിയണം. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വിലകൊടുത്തു വാങ്ങാൻ ഇപ്പോഴും മാർക്കറ്റിൽ അവസരമുണ്ട്. എന്നാൽ അതിനായുള്ള നടപടികൾ സ്വീകരിക്കാതെ കൈയുംകെട്ടി നോക്കിനിൽക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എം.എം. മണി ആരോപിച്ചു.
വൈദ്യുതിയായാലും പൊതുജനാരോഗ്യമായാലും കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഭരണാധികാരികൾക്ക് വ്യക്തമായ ദീർഘവീക്ഷണം വേണം. അല്ലാതെ, സ്വന്തം പോക്കറ്റിൽ എന്ത് വന്നു വീഴുമെന്നല്ല ജനപ്രതിനിധികൾ ചിന്തിക്കേണ്ടത്. കോൺഗ്രസ് അല്ലേ ഭരിക്കുന്നത്, കൃത്രിമമായി ക്ഷാമമുണ്ടാക്കി, ഇല്ലാത്ത പുതിയ കരാറുകൾ സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എം മണി കുറ്റപ്പെടുത്തി.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന മന്ത്രി സണ്ണി ജോസഫിന്റെ വാദത്തെ എം.എം. മണി പരിഹസിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ആ കരാർ ഒഴിവാക്കിയ ശേഷം പത്ത് വർഷക്കാലം ഇവിടെ പിണറായി വിജയൻ സർക്കാർ വിജയകരമായി ഭരണം നടത്തിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. 2018-ലെ മഹാപ്രളയത്തിൽ സംസ്ഥാനത്തെ പ്രധാന ജലവൈദ്യുതി പദ്ധതികൾ പലതും പൂർണ്ണമായി തകരാറിലായി. മഴ തീരെ ലഭിക്കാത്ത കടുത്ത വേനൽക്കാലങ്ങളും തുടർന്നുണ്ടായി. എന്നിട്ടും സംസ്ഥാനത്തെ ജനങ്ങൾക്ക് പവർകട്ട് ഏർപ്പെടുത്താതെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടത്താൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു.
മുൻ സർക്കാരുകളുടെ മേൽ പഴിചാരി സ്വയം കഴിവുകേട് മറയ്ക്കാൻ ശ്രമിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും മണി ആവശ്യപ്പെട്ടു
