[Photo Courtesy : CIAL/X]
കൊച്ചി : ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ കൂടുതൽ വിമാന സർവ്വീസുകൾ വേണമെന്ന ആവശ്യവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് മുന്നിൽ നിവേദനം. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയത്. വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകി.
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ ഇടപെടൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ ഗുരുതരമാണെന്നും എംപി ചൂണ്ടിക്കാട്ടി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള അധികവും പ്രത്യേകവുമായ സർവ്വീസുകൾ ഓണക്കാലത്ത് അനുവദിക്കണം. ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അതോടൊപ്പം ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ വർദ്ധിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഓണക്കാലത്തെ യാത്രാ ആവശ്യകത മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർദ്ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ DGCA നിരക്കുകളും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയും വേണമെന്ന ആവശ്യവും എംപി ഉന്നയിച്ചു.
