മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച് മലപ്പുറം ജില്ലാ കളക്ടർ. ഓഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നാണ് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചിട്ടുള്ളത്. രണ്ടുപേരെ കൊന്നെന്ന് സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഗൂഡല്ലൂരിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബന്ദിനെത്തുടർന്ന് ഗൂഡല്ലൂരിൽ കടകളെല്ലാം അടച്ചിട്ടു. ഓണാവധിയായതിനാൽ ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽ നിന്ന് നിരവധി പേരാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.
”ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം” – മലപ്പുറം ജില്ലാ കളക്ടർ അറിയിയ്ക്കുന്നു.
നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവ്വ കക്ഷികളുടെ നേതൃത്വത്തിൽ 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലാണ് ബന്ദ് നടക്കുന്നത്. 27 ന് രാവിലെ 6 മണിക്ക് ആരംഭിച്ച ബന്ദ് 29 ന് രാവിലെ 6 മണി വരെ തുടരും.
പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി അന്യായമാണെന്നും അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്നവരെ വിട്ടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കടുവയെ കണ്ടെത്തിയ പ്രദേശത്തുള്ള സർക്കാർ സ്കൂളുകൾക്ക് അവധി നൽകണം. മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നു നൽകുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് നടത്തുന്നത്.
കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ ഇവിടെ മരിച്ചിരുന്നു. രണ്ടാമത്തെ ആളിനും കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതോടെയാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ഗൂഡല്ലൂർ എംഎൽഎ ദ്രാവിഡമണിയുടെ അധ്യക്ഷതയിൽ സർവ കക്ഷികൾ വ്യാപാരി സംഘം വിവിധ സാമൂഹിക സംഘടകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
