[Photo Courtesy : X]
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ ‘ദിമാഗി നക്സലുകൾ’ പ്രവർത്തിക്കുന്നതായും അവരാണ് പുതിയ ഭീഷണിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലെ കാരൻപൂരിലുള്ള സിആർപിഎഫ് ക്യാമ്പിൽ ദീപാവലി ആഘോഷ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ബുദ്ധിജീവികൾക്കെതിരെ പ്രധാനമന്ത്രിയുടെ ആരോപണം.
വനങ്ങളിൽ നിന്നുള്ള ആയുധമേന്തിയ നക്സലൈറ്റുകളെ രാജ്യം തുടച്ചുനീക്കിയെങ്കിലും, നക്സലിസം ഉയർത്തുന്ന ഭീഷണി പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബുദ്ധിജീവികൾക്കിടയിലും സംഘടനകളിലും സ്വാധീനം ചെലുത്തുന്ന ‘ദിമാഗി നക്സലുകൾ’ ( അർബൻ ബുദ്ധിജീവി നക്സലുകൾ ) രാഷ്ട്രീയ പാർട്ടികളെയും വിവിധ സംഘടനകളെയും നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഈ ഘടകങ്ങൾ ഇപ്പോഴും രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഇവരെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാർച്ച് 31-ഓടെ രാജ്യം നക്സൽ മുക്തമായതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രമുഖ മാവോയിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും വധിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് സർക്കാരിന്റെ ആനുകൂല്യങ്ങൾ വാങ്ങി കീഴടങ്ങിയത്. ഇതെല്ലാം നക്സൽ പ്രസ്ഥാനം തകരുന്നതിലേക്ക് വഴിതെളിച്ചു. സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും നയങ്ങളുടെയും വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
മുൻകാലങ്ങളിലെ സർക്കാരുകൾ നക്സൽ വിരുദ്ധ പോരാട്ടത്തിൽ സുരക്ഷാ സേനയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ സർക്കാർ സുരക്ഷാ സേനകൾക്ക് തിരിച്ചടിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും, നക്സലുകളുടെയും വിഘടനവാദികളുടെയും സാമ്പത്തിക ശൃംഖല തകർക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരുകാലത്ത് 20 – ഓളം സംസ്ഥാനങ്ങളിലെ 230 – ലധികം ജില്ലകളെ നക്സലിസം ബാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിക്കിടയിൽ ഒരു സിആർപിഎഫ് ജവാനുപോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നത് 47 വർഷത്തിനിടെ ആദ്യ സംഭവമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാവോയിസ്റ്റ് അക്രമത്തിൽ ഒരു കുടുംബത്തിനും തങ്ങളുടെ മക്കളെ നഷ്ടപ്പെടരുതെന്നും, ഒരു യുവാവും ആയുധമെടുക്കാൻ നിർബന്ധിതരാകരുതെന്നതുമാണ് സർക്കാരിന്റെ ലക്ഷ്യം. ശക്തമായ സുരക്ഷാ നടപടികൾ എടുത്തതിനൊപ്പം വികസന പ്രവർത്തനങ്ങളും നടപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ നക്സൽബാധിത മേഖലകളിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
