Sunday, September 13, 2026

പലസ്തീന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിക്സ് സംയുക്ത പ്രസ്താവന; ഉച്ചകോടിക്ക് ഇന്ന് സമാപനം

Date:

ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന 18 -ാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്കാണ് യോഗം. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും.

ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിലുണ്ടായ ധാരണ ശ്രദ്ധേയമായി. യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട് ബ്രിക്സ് രാജ്യങ്ങളുടെ സമീപനങ്ങളുമാണ് ശനിയാഴ്ച പുറത്തിറക്കിയ സംയുക്തപ്രസ്താവനയുടെ പ്രധാന ഉള്ളടക്കം.

അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും ദുർബ്ബലപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കണം. ദരിദ്രരെയും ദുർബ്ബലസാഹചര്യങ്ങളിൽ കഴിയുന്നവരെയും ഇത്തരം നടപടികൾ ആനുപാതികമല്ലാത്തവിധത്തിൽ ബാധിക്കുകയും ഡിജിറ്റൽ വിഭജനം കൂടുതൽ ആഴത്തിലാക്കുകയും പരിസ്ഥിതിവെല്ലുവിളികൾ രൂക്ഷമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രനിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളുള്ള, ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയുടെ അനുമതിയില്ലാത്ത ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികളോട് ബ്രിക്സ് കൂട്ടായ്മ എതിർപ്പ് ആവർത്തിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ആഗോളതലത്തിൽ നടപടികൾ സ്വീകരിക്കണം. ഈ വെല്ലുവിളികളോടും അവയുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളോടും സംഘർഷസാധ്യത കുറയ്ക്കുന്നതിനുള്ള രാഷ്ട്രീയ-നയതന്ത്ര നടപടികളിലൂടെ അന്താരാഷ്ട്രസമൂഹം പ്രതികരിക്കണം. എല്ലാ രാജ്യത്തിന്റെയും സുരക്ഷ പരസ്പരം അവിഭാജ്യമാണ്. സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉച്ചകോടി ആവർത്തിച്ചു. ആണവഭീഷണിയുടെയും സംഘർഷത്തിന്റെയും വർധിച്ചുവരുന്ന അപകടസാധ്യതയിൽ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി.

ഓരോ രാജ്യത്തിന്റെയും ദേശീയ നിലപാടുകൾ കണക്കിലെടുത്തുകൊണ്ട് പരമാവധി സംയമനംപാലിക്കണം, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണം. യു.എൻ. ചാർട്ടറിൻ്റെ ലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി, അതിന്റെ സമഗ്രതയും പരസ്പരബന്ധിതത്വവും മാനിച്ചുകൊണ്ട് സാധാരണജനങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കണം. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ആഗോളവ്യാപാരം, വിതരണശൃംഖലകൾ, ഊർജവിതരണം എന്നിവയുടെ സുഗമമായ ഒഴുക്ക് നിലനിർത്തണം.

പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെ മുൻവിധിയോടെ ബാധിക്കുകയോ അധിനിവേശത്തെ നിയമവിധേയമാക്കുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്ന ക്രമീകരണങ്ങളിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ഗാസാമുനമ്പിന്റെ ഭൗമികമോ ജനസംഖ്യാപരമോ ആയ ഘടനയിൽ മാറ്റംവരുത്തുന്നതിനെയും ഉച്ചകോടി എതിർത്തു. ഗാസാമുനമ്പിൽ വെടിനിർത്തൽ തുടരുകയും പൂർണവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കുകയും ചെയ്യണം. ഐക്യരാഷ്ട്രസഭയിൽ പലസ്തീന് പൂർണ അംഗത്വം നൽകണം.

പട്ടിണിയെ യുദ്ധമാർഗമായി ഉപയോഗിക്കൽ, സാധാരണ ജനങ്ങളെയും ആരോഗ്യപരിചരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെയും മറ്റ് സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, മാനുഷികസഹായം എത്തുന്നതിന് നിയമവിരുദ്ധമായി തടസ്സംസൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ലംഘനങ്ങളെയും അപലപിക്കുന്നതായി സംയുക്ത പ്രസ്താവന പറയുന്നു.

ആഗോള സംഘടകളുടെ മുന്‍പന്തിയില്‍ തന്നെ ഗ്ലോബല്‍ സൗത്ത് ഇരിക്കുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോള്‍ പിന്നിലാണെന്ന് നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. “ഈ അധികാരത്തിന്റെ പിരമിഡിനെ നമുക്ക് എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം കിട്ടുന്ന സഹകരണത്തിന്റെ പ്ലാറ്റ്‌ഫോമാക്കി മാറ്റണം.  യുഎന്‍ സുരക്ഷാസമിതിയുടെ പരിഷ്‌കരണം ഇനിയും വൈകിക്കൂടാ. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തമായ തീരുമാനമുണ്ടാകണം. സമാനമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും വോട്ടിങ്ങിലും നയപരമായ കാര്യങ്ങളിലും മാറ്റമുണ്ടാകണം. ബ്രിക്‌സ് രാജ്യങ്ങള്‍ എപ്പോഴും കൂട്ടായ സമവായത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്, ആര്‍ക്കുമെതിരായല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ബ്രിക്‌സ് ആഗോളതലത്തില്‍ ശക്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.” – നരേന്ദ്ര മോദി പറഞ്ഞു.

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...