Sunday, September 13, 2026

സിപിഎം ത്രിദിന വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം; രാവിലെ 10ന് എംഎ ബേബി ഉദ്ഘാടനം ചെയ്യും

Date:

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം രാവിലെ 10ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംഘടനാ രേഖ അവതരിപ്പിക്കും.

സംഘടനാ രേഖയിൽ നടക്കുന്ന ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സംഘടനാ രേഖയില്‍ ഉള്ളതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍
ചര്‍ച്ചകളില്‍ പങ്കെടുക്കില്ല.

വിശാലമായ തുറന്ന ചര്‍ച്ച വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് വിപുലമായൊരു തിരുത്തല്‍ രേഖ അംഗീകരിക്കപ്പെടുമെന്നും കരുതുന്നു. തോല്‍വിയില്‍ നോതൃത്വത്തിന്റെ വീഴ്ചയെ സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര കമ്മിറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടു വന്നുള്ള ഒരു തിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടക്കില്ല. നിലവിലുള്ള ആളുകളില്‍ തന്നെ ചില ചുമതലകളില്‍ മാറ്റം വരുത്തിയുള്ള തിരുത്തലായിരിക്കും പാർട്ടി ലക്ഷ്യമിടുക. എന്നാൽ, പാർട്ടിയിൽ അടിമുടി മാറ്റംവേണമെന്നു നിലപാടുള്ളവരാണ് സംസ്ഥാനസമിതിയിൽ ഭൂരിപക്ഷവുമെന്നറിയുന്നു. ഇതിന്റെ ഭാഗമായാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തിയതെന്ന് പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നിലവിലെ സംസ്ഥാന സമിതി ഇതിനകം അംഗീകരിച്ച റിപ്പോര്‍ട്ട് അതേ കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്യുന്ന പതിവില്ലെന്ന കാരണം പറഞ്ഞാണ് ഈ നിയന്ത്രണം.

യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റാണ് തയ്യാറാക്കിയത്. ഇതിന് അംഗീകാരം നൽകാൻ സംസ്ഥാനസമിതി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽകൂടി വരുത്തിയാണ് റിപ്പോർട്ട് അന്തിമമാക്കിയത്. ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി.എമ്മിനില്ല. ഇതാണ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽനിന്ന് പുറത്താകാൻ കാരണമായത്.

ചരിത്രത്തില്‍ അപൂര്‍വ്വമായാണ് സിപിഎം ഇത്തരത്തിലുള്ള വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കു പുറമെ 14 ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സംസ്ഥാന-കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍, വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ
307 പ്രതിനിധികളാണ് മുന്ന് ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്.

മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ നിന്ന് തുടങ്ങുന്ന റാലി പാര്‍ട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് സിപിഐഎം ഉദ്ദേശിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം ആളുകള്‍ ഇതില്‍ പങ്കെടുക്കും എന്നാണ് കരുതുന്നത്. ചര്‍ച്ചകളോ പാര്‍ട്ടി രേഖകളോ ചോരാതെ ഇരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...