കൊച്ചി : എൻഎച്ച് 66 ൽ ട്രക്ക് കോറിഡോറിലെ ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങൾക്കായി അടുത്ത നാല് വര്‍ഷത്തിനിടയിൽ കെഎസ്ഇബി 19 കോടി രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. 2030 മുതൽ 2050 വരെയുള്ള കാലയളവിൽ എൻഎച്ച് 66-ലെ ട്രക്ക് ചാർജിംഗ് ആവശ്യകത 26 മടങ്ങ് വർദ്ധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
കേരളത്തിലെ എൻഎച്ച് 66-ൽ ബാറ്ററി ഇലക്ട്രിക് ട്രക്കുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
2030-ൽ ട്രക്ക് കോറിഡോറിലെ പ്രതിദിന ഊർജ്ജ ആവശ്യകത 32 മെഗാവാട്ട് ആയിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2050-ഓടെ ഇത് 833 മെഗാവാട്ട് ആയി ഉയരും. 2050-ലെ ആകെ ഊർജ്ജ ആവശ്യകതയുടെ 74% വരിക ട്രാക്ടർ ട്രെയിലറുകളിൽ നിന്നും, 25 ടണ്ണിന് മുകളിലുള്ള വലിയ ട്രക്കുകളിൽ നിന്നുമായിരിക്കും. ഈ ഉയർന്ന ആവശ്യകത നിലനിൽക്കുമ്പോഴും, 2040 വരെയുള്ള കേരളത്തിന്റെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 0.2%-ൽ താഴെ മാത്രമേ ഈ പാതയിലെ ട്രക്ക് ചാർജിംഗിന് ആവശ്യമായി വരികയുള്ളൂ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ തന്നെ സംസ്ഥാന തലത്തിൽ എൻഎച്ച് 66 സൃഷ്ടിക്കുന്ന ഗ്രിഡ് സമ്മർദ്ദം കുറവായിരിക്കും.
2050-ഓടെ ഈ ട്രക്ക് പാതയിൽ 204.5 മെഗാവാട്ട് ശേഷിയുള്ള 1,939 ചാർജറുകൾ ആവശ്യമായി വരും. 2030-ൽ ഇത് 12.5 മെഗാവാട്ട് മാത്രമാണ്. രാത്രികാല ചാർജിങ് ശേഷിയാണ് ഇതിൽ പ്രധാനം. 2050-ൽ രാത്രികാല ചാർജിങ്ങിന് മാത്രം 105 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. 120 കിലോവാട്ട് ചാർജറുകളായിരിക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുക. കേരളത്തിലെ ദേശീയപാതകൾക്കായി കണക്കാക്കിയിട്ടുള്ള ആകെ ചാർജിങ് ശേഷിയുടെ 78% ആവശ്യവും എൻഎച്ച് 66-ലായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
ചാർജിംഗ് ഉപകരണങ്ങൾക്കായി മാത്രം 2030-ഓടെ 19 കോടി നിക്ഷേപിക്കേണ്ടി വരും. 2050-ഓടെ 338 കോടിയും നിക്ഷേപം ആവശ്യമായി വരും. 2031-2040 കാലയളവിൽ 113 കോടി രൂപയും, 2041-2050 കാലയളവിൽ 206 കോടി രൂപയും അധിക നിക്ഷേപം വേണ്ടി വരും. 2030 വരെയുള്ള 19 കോടി രൂപയുടെ പദ്ധതി ‘പിഎം ഇ ഡ്രൈവ്’ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്ന 2,000 കോടിയിലൂടെ തന്നെ നടപ്പായിക്കിട്ടും. 2031-2050 കാലയളവിൽ ആവശ്യമായ 319 കോടി നിക്ഷേപത്തിന് പൊതുബജറ്റിന് പുറമെ സ്വകാര്യ മൂലധനം സമാഹരിക്കണമെന്ന നിർദ്ദേശവും പഠനം മുമ്പോട്ടുവെയ്ക്കുന്നുണ്ട്.
