Saturday, August 1, 2026

കാവേരി നദീജലം : കർണ്ണാടകയിൽ വിജയ്ക്കെതിരെ കടുത്ത പ്രതിഷേധം, വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ; ഓഗസ്റ്റ് 13ന് ബന്ദ് 

Date:

ബംഗളൂരു : കാവേരി വെള്ളപ്രശ്നത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ കർണ്ണാടകയിൽ കടുത്ത പ്രതിഷേധം. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബംഗളൂരുവിൽ എത്തിയാൽ ഓഗസ്റ്റ് മൂന്നിന് വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ. കർണാടക തന്നെ ജലക്ഷാമം നേരിടുകയും കാവേരി വെള്ളം വിട്ടുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിന് ന്യായീകരണമില്ലെന്ന് പ്രതിഷേധക്കാരുടെ ഭാഷ്യം.

പ്രതിഷേധത്തെ തുടർന്ന് ഓഗസ്റ്റ് മൂന്നാം തീയതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. ഏത് ചർച്ചയും ഇരുവിഭാഗത്തിനും ഗുണകരവും കൂടുതൽ സംഘർഷം സൃഷ്ടിക്കാത്തതുമായ അന്തരീക്ഷത്തിൽ നടക്കണം. അതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രിയോട് സന്ദർശനം മാറ്റിവെയ്ക്കാൻ അഭ്യർത്ഥിച്ചതായി ശിവകുമാർ വ്യക്തമാക്കി. കാവേരി നദീജല പങ്കിടൽ തർക്കത്തിൽ പുതിയ അവകാശവാദങ്ങൾ സജീവമായതോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ചയ്ക്ക് തയ്യാറെടുത്തത്.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ( സിഡബ്ല്യുഎംഎ ) നിർദ്ദേശത്തിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകൾ ഓഗസ്റ്റ് 13ന് രാവിലെ 6 മുതൽ വൈകുന്നേരം 6വരെ സംസ്ഥാനവ്യാപകമായി കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന് പിന്തുണ നൽകാനും സഹകരിക്കാനും മുൻ എംഎൽഎയും കന്നഡ പ്രോ-ഓർഗനൈസേഷൻസ് ഫെഡറേഷന്റെ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് വ്യാപാരികളോടും അസോസിയേഷനുകളോടും മറ്റ് സംഘടനകളോടും അഭ്യർഥിച്ചു.

കർണാടകയിൽ നിലവിൽ ജലക്ഷാമം രൂക്ഷമാണെന്നും ഇതിനിടെ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശം സംസ്ഥാനത്തുടനീളമുള്ള കർഷകരെ പ്രതികൂലമായി ബാധിക്കും. അതിനാൽ കാവേരി ജലം വിട്ടുകൊടുക്കാൻ പാടില്ലെന്നും സംഘടനകൾ പറഞ്ഞു.

വിജയ്‌യുടെ സന്ദർശനത്തെ എതിർക്കുന്നതിനും കാവേരി, മേക്കെദാട്ടു വിഷയങ്ങളിൽ കർണാടകയുടെ താൽപ്പര്യങ്ങൾക്ക് കോട്ടം തട്ടുന്ന ഏതൊരു നീക്കത്തിനും എതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുമാണ് പ്രതിഷേധവുമായി രംഗത്തുള്ളതെന്ന് സംഘടനകൾ പറഞ്ഞു. കാവേരി ജല നിയന്ത്രണ സമിതി (CWRC) കർണാടക 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വെള്ളം അതായത് ഏകദേശം 5 ടിഎംസി വെള്ളം വിട്ടുകൊടുക്കണമെന്ന് ശുപാർശ ചെയ്തതായി സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരവ് പാലിക്കുന്നത് കർണാടകയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് സംഘടനകൾ പറഞ്ഞു.

വ്യാഴാഴ്ച കർണാടകയുടെ അപേക്ഷ സിഡബ്ല്യുഎംഎ നിരസിക്കുകയും അടുത്ത 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള സിഡബ്ല്യുആർസിയുടെ ശുപാർശ ശരിവെയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനം കടുത്ത വരൾച്ചയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്നുണ്ടെന്നും അതിനാൽ നിർദ്ദേശം പാലിക്കാൻ ബുദ്ധിമുട്ടാണെന്നും കർണാടക വാദിച്ചു. എന്നാൽ പ്രശ്നപരിഹാരത്തിനായി ഓഗസ്റ്റ് രണ്ടിന് കർണാടക സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

കാവേരി നദീജലപ്രശ്‌നം : കർണാടകയിൽ ജനനായകൻ ഷോകൾ റദ്ദാക്കി; വിജയ്‌യുടെ പോസ്റ്ററുകൾ നീക്കി

ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി

തിരുവനതപുരം : ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന്...

സുഗതന്റെ അവധി അപേക്ഷയിൽ തീരുമാനം മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ ; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

തിരുവനന്തപുരം :കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി...