വൈക്കം : വൈക്കം സി.ഐ. ആയി ഷമീർഖാൻ ചുമതലയേറ്റ് ഒരു മാസം പിന്നിടുമ്പോൾ ‘കൈക്കൂലി ഇനത്തിൽ’ സമ്പാദിച്ചത് രണ്ടുലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്. സെപ്റ്റംബർ ആദ്യം ചാർജെടുക്കാൻ എത്തുമ്പോഴെ കൈക്കൂലി വാങ്ങാൻ കൃത്യമായ പ്ളാൻ തയ്യാറാക്കിയായിരുന്നു ഷമീർഖാൻ്റെ വരവ് എന്ന് വ്യക്തം. അതിനനുസരിച്ചുള്ള നീക്കങ്ങൾ നടത്തിയിട്ടും വിജിലൻസിൻ്റെ പിടിയിലായി എന്നത് വേറെ കൗതുകം.
ഷമീർഖാനെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം വൈക്കം സി.ഐ. ഓഫീസിൽ പരിശോധനയ്ക്കെത്തുന്നത്. മിന്നൽപ്പരിശോധനയിൽ സി.ഐ. പി.എ. ഷമീർഖാനെതിരെ ഗുരുതര സാമ്പത്തികക്രമക്കേടുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ 45 ദിവസത്തിനിടെ 2.28 ലക്ഷം രൂപ യു.പി.ഐ. (ഗൂഗിൾപേ) ഇടപാടിലൂടെ സി.ഐ. സമ്പാദിച്ചതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.
സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നതിങ്ങനെ – സെപ്റ്റംബർ ആദ്യമാണ് ഷമീർഖാൻ വൈക്കം സി.ഐ. ആയി ചുമതലയേറ്റത്. പിന്നാലെ, അഞ്ചാം തീയതി തന്നെ, കോഴിഫാമിൽ ജോലിചെയ്തിരുന്ന അസം സ്വദേശി ജോഗത് ജൊഗോയ് എന്നയാളെക്കൊണ്ട് സി.ഐ. വൈക്കത്തെ കനറാബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചു. ഈ അക്കൗണ്ടിൽ നൽകിയിരിക്കുന്നത് വൈക്കം സ്വദേശി അരുണിന്റെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ നമ്പരാണ്.
അക്കൗണ്ടെടുത്തതിന് പിന്നാലെ തന്നെ അസം സ്വദേശിയുടെ പേരിലുള്ള എ.ടി.എം. കാർഡ് സി.ഐ. സ്വന്തമാക്കി. മൊബൈൽ നമ്പരുപയോഗിച്ച് മറ്റൊരു ഫോണിൽ യു.പി.ഐ. ഇടപാട് നടത്താനുള്ള സൗകര്യവും ശരിയാക്കിയെടുത്തു. സ്റ്റേഷനിൽ കേസുമായെത്തുന്നവരിൽ നിന്നും മണ്ണുമാഫിയാ സംഘങ്ങളിൽ നിന്നും മറ്റ് അനധികൃത ഇടപാടുകാരോടും കൈക്കൂലിയായി ചോദിക്കുന്ന പണം ഈ നമ്പരിലേക്ക് നിക്ഷേപിക്കാനാണ് സി.ഐ. ആവശ്യപ്പെട്ടിരുന്നത്.
പണം അക്കൗണ്ടിൽ എത്തുന്ന മുറക്ക് ബൈക്കിൽ സി.ഐ. എ.ടി.എമ്മിലെത്തും. ഹെൽമെറ്റ് ധരിച്ചുതന്നെ എ.ടി.എം. കൗണ്ടറുകളിലെത്തി പണം പിൻവലിക്കും. വൈക്കം, ഉദയനാപുരം, കുറവിലങ്ങാട്, തലയോലപ്പറമ്പ് എന്നിങ്ങനെ വിവിധയിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് ഇതേ രീതിയിൽ പണം പിൻവലിച്ചിരുന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
ഇത്തരത്തിൽ വിവിധ ഇടപാടുകാരിൽ നിന്ന് 3000 മുതൽ 30,000 രൂപവരെ സി.ഐ. വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയതായി പറയുന്നു.
വിജിലൻസ് സംഘം സി.ഐ. ഓഫീസിൽ പരിശോധന നടത്തുന്ന സമയം ഷമീർഖാൻ ഓഫീസിൽ തന്നെയുണ്ടായിരുന്നു. അസം സ്വദേശിയുടെ പേരിലുള്ള എ.ടി.എം. കാർഡും വൈക്കം സ്വദേശി അരുണിന്റെ പേരിലുള്ള സിം അടങ്ങിയ ഫോണും റെയ്ഡിനിടെ വിജിലൻസ് സംഘം സി.ഐ.യിൽ നിന്ന് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.
അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിലും വിജിലൻസ് സംഘം പരിശോധന നടത്തി. ഒന്നരമാസത്തിനിടെ വൈക്കം സ്റ്റേഷനിലുണ്ടായിട്ടുള്ള കേസുകളെ സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധന നടത്തിയാലെ ആരൊക്കെയാണ് പണം അയച്ച് നൽകിയിട്ടുള്ളത് എന്നത് വ്യക്തമാകൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. ടി.ആർ. പ്രദീപ്കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, അനിൽകുമാർ, രമേശ്കുമാർ, മനു വി. നായർ, എസ്.ഐ.മാരായ അനിൽ, രാജീവ്, എ.എസ്.ഐ.മാരായ ജോഷി ഇഗ്നേഷ്യസ്, രജീഷ്, അരുൺചന്ദ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
