Saturday, October 17, 2026

പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്‌മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി

Date:

കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്‌മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി. ടോൾപ്ലാസയിലൂടെ കടന്നുപോയ ഒരു കുടുംബം ഫാസ്‌ ടാഗിൽ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ ക്യു.ആർ. കോഡിനെ ആശ്രയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പണം സ്വകാര്യ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലാക്കിയ വാഹനയുടമ രാജ്‌മാർഗ് യാത്രാപോർട്ടൽ വഴി പരാതിനൽകുകയായിരുന്നു. തുടർന്ന്, ടോൾപ്ലാസ അധികൃതർ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ജീവനക്കാർ തട്ടിപ്പ് നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ  ലഭിച്ചത്. ഉടൻതന്നെ പന്തീരാങ്കാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് ടോൾപ്ലാസയിലെ ജീവനക്കാരനായ മധ്യപ്രദേശ് സ്വദേശി നവീൻ സിങ് ബദോരിയ പിടിയിലായത്. മറ്റുള്ളവർ ഒളിവിൽ പോയി. തട്ടിപ്പിന്റെ സൂത്രധാരനായ കമ്പനി ഷിഫ്റ്റ് ഇൻ ചാർജ് വിപിൻ രാജ്പുത് (23), സഹജീവനക്കാരായ ഉമാശങ്കർ (40), ഹരിമോഹൻ (19), മോണ്ടി രാജ്പുത് (21), ശിവം (21) എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം  പുരോഗമിക്കുന്നു.

ടോൾപ്ലാസയിൽ ടോൾ പിരിക്കാൻ കരാറെടുത്ത കമ്പനിയുടേതിനുപകരം മുഖ്യപ്രതി വിപിൻ രാജ്പുത് നൽകിയ ക്യു.ആർ. കോഡിലേക്ക് പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ഏഴുലക്ഷം രൂപയോളമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്നാണ് ഇത്തരത്തിൽ സ്വന്തം ക്യു.ആർ. കോഡ് കാണിച്ച് ഇവർ യാത്രക്കാരിൽ നിന്ന് പണം തട്ടിയത്. 

സെപ്റ്റംബർ രണ്ടിനും ഒക്ടോബർ അഞ്ചിനുമിടയിൽ ഏഴുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടെന്നാണ് ടോൾപ്ലാസ കമ്പനിയായ സ്കൈലാർക്ക് ഇൻഫ്രാ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ അമിത് കുമാർ ശർമ പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സ്വന്തം നമ്പറിലുള്ള ക്യു.ആർ. കോഡിനുപകരം നാട്ടിലുള്ള മറ്റൊരു നമ്പറിലാണ് വിപിൻ രാജ്പുത് ക്യു.ആർ. കോഡ് ഉണ്ടാക്കിയത്. രണ്ടുദിവസം കൂടുമ്പോൾ കോഡ് മാറ്റിക്കൊണ്ടിരുന്നതായും സംശയിക്കുന്നു. ഇതുവഴി പണമടച്ച വാഹനങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും വാട്സാപ്പിലൂടെ കൈമാറിയിരുന്നതായും ടോൾപ്ലാസ അധികൃതർ കണ്ടെത്തി. തട്ടിപ്പിൽ പങ്കാളികളായവരുടെ അക്കൗണ്ടിലേക്ക് മാസത്തിൽ 66,000 രൂപവരെ വിപിൻ രാജ്പുത് അയച്ചതായി കമ്പനി അധികൃതർ പറയുന്നു. സബ് ഇൻസ്പെക്ടർ എൻ. രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായ പ്രതി നവീൻസിങ് ബദോരിയയെ കോടതി റിമാൻഡ് ചെയ്തു.

Share post:

Popular

More like this
Related

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...

നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന തിരംഗ മാര്‍ച്ചിൻ്റെ മുന്നോടിയായി  അറസ്റ്റ്...

നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്‍...