Friday, October 16, 2026

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

Date:

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ്.  ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശത്തിൽ വ്യക്തമാക്കി.

അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണ്ണ അധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി കത്തിലെ വിവരങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിന്മേലാകും അന്വേഷണം. എന്നാല്‍ നടക്കുന്നത് പ്രാഥമിക അന്വേഷണമായിരിക്കും എന്നാണ് വിവരം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇഡിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ തെളിവുണ്ടോ എന്നതാകും എസ്‌ഐടി അന്വേഷിക്കുക. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയൻ്റെയും ഭര്‍ത്താവ് കൂടിയായ റിയാസിൻ്റെയും സഹായം തേടിയെന്നും കത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...