തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന് ശേപ്പ
പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ വ്യത്യാസം. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തിയപ്പോൾ മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന അരുൺ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മൂല്യനിർണ്ണയത്തിൽ അപാകത ചൂണ്ടിക്കാട്ടി ശ്യാം നടത്തിയ മൂന്നുവർഷത്തെ നിയമനടപടികൾക്കൊടുവിലാണ് അനുകൂല നടപടി. പി.എസ്.സി. ഇൻഫ്രാസ്ട്രക്ചർ ഇന്റസ്ട്രി വിഭാഗം തലവൻ തസ്തികയിലേക്കായിരുന്നു പരീക്ഷ നടന്നത്.
പുന:ർമൂല്യനിർണ്ണയത്തിനുശേഷം ഒന്നാം റാങ്കിലേക്കെത്തിയ ശ്യാമിന് 78.5 മാർക്കും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അരുണിന് 64.25 മാർക്കുമാണ് ലഭിച്ചത്. വിവാദത്തെ തുടർന്ന് വിട്ടുപോയ 58 മാർക്കിന്റെ ചോദ്യങ്ങൾ പുന:ർമൂല്യനിർണ്ണയം
നടത്താൻ പി.എസ്.സി. നിർബ്ബന്ധിതരാകുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തപ്പോൾ, പരീക്ഷയുടെ ആദ്യ പേപ്പറിലെ ഒൻപതുമുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ (ആകെ 58 മാർക്ക്) മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി. മുൻപ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതുമെന്ന് ബോദ്ധ്യമായിരുന്നു. ഈ ക്രമക്കേടിൽ പി.എസ്.സി. നടത്തിയത് പ്രത്യക്ഷമായ അഴിമതിയാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിതലത്തിൽ ഉയർന്ന നിലയിലുള്ള തസ്തികയ്ക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 1,23,700-1,66,800 ആണ് ശമ്പളസ്കെയിൽ. 2023 ജൂലായിൽ പരീക്ഷ നടത്തി. വിവരണാത്മകരീതിയിൽ രണ്ട് പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടികയും അതിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം നടത്തി ആ വർഷം മേയ് 31-ന് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. അതിലേക്ക് 2025 ജൂൺ 23-ന് ഒന്നാംറാങ്കുകാരന് നിയമനശുപാർശയും അയച്ചു. മൂല്യനിർണ്ണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിൻ്റെ പകർപ്പിന് അപ്പോൾത്തന്നെ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പി.എസ്.സി. അത് നൽകിയത്.
