(Photo Courtesy: X)
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തേടിയിറങ്ങിയിരിക്കുകയാണ് പോലീസ് എന്ന് റിപ്പോർട്ട്. ഇന്നലെ ഡല്‍ഹി എച്ച്‌കെഎസ് സുര്‍ജിത് ഭവനില്‍ പോലീസ് എത്തി. ഒക്ടോബർ 10 ന് സിജെപി കൂടി ഡൽഹി പ്രക്ഷോഭത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് വരുന്ന എസ്‌എഫ്‌ഐ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനാണ് സിപിഐഎം പാര്‍ട്ടി പഠന കേന്ദ്രം കൂടിയായ സുര്‍ജിത് ഭവനിൽ വൈകീട്ട ഡല്‍ഹി പോലിസ് എത്തിയതെന്നാണ് സൂചന.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് എസ്എഫ്ഐ പറയുന്നു. ഗുജറാത്തിൽ എസ്എഫ്ഐയുടെ ദേശീയ ഉപാദ്ധ്യക്ഷൻ സത്യേഷയെ വീട്ടുതടങ്കലിൽ പാർപ്പിച്ചതായി ഐഷി ഘോഷ് ‘എക്സി’ലൂടെ അറിയിച്ചു.
ഒക്ടോബര്‍ 10 ലെ സമരം കണക്കിലെടുത്ത് വലിയ പ്രതിരോധം തീര്‍ക്കുകയാണ് ഡല്‍ഹി പോലീസ്. സമരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ഭീഷണിപ്പെടുത്തിയതായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്നും കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്
പോലീസിനെ ഉപയോഗിച്ച് ബിജെപി-ആർഎസ്‌എസ് നടത്തുന്ന ഇത്തരം ഭീഷണി തന്ത്രങ്ങൾക്ക് മുന്നിൽ എസ്‌എഫ്‌ഐ പിന്മാറില്ലെന്നും വോട്ട് ചോരിക്കെതിരായ ഒക്ടോബർ 10-ന് നടക്കുന്ന പ്രതിഷേധത്തിൽ എസ്‌എഫ്‌ഐ വൻതോതിൽ പങ്കെടുക്കുമെന്നും എസ്എഫ്ഐ ‘എക്സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം തന്നെ, ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പള്ളികളെ സമീപിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ആളുകളോട് പിന്തിരിയാൻ ആവശ്യപ്പെടുകയും ചെയ്യുന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഒക്ടോബര്‍ 10 ലെ സമരം കണക്കിലെടുത്ത് ഡല്‍ഹിയില്‍ മദ്യശാലകള്‍ 48 മണിക്കൂര്‍ സമയത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ട്. പൊതുസമാധാനം ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. നാളെയും മറ്റന്നാളും എല്ലാ മദ്യശാലകളും അടച്ചിടാനാണ് തീരുമാനം.
