Tuesday, November 3, 2026

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

Date:

(ചിത്രം – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)

തിരുവനന്തപുരം : നവരാത്രി പൂജയുമായി ബന്ധപ്പെട്ടുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ചടങ്ങാണ് ഈ ഉടവാൾ കൈമാറ്റം.  ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പദ്മനാഭപുരം കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ്സ് വകുപ്പ് ജോയിൻ്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം ദേവസ്വം മാനേജർ മോഹനന് കൈമാറി.

കേരള, തമിഴ്നാട് സായുധ പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും നീങ്ങി. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും.

ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, തിരുവിതാംകൂർ ദേവസ്വം അധികൃതർ ചേർന്ന് ആചാരപൂർവം സ്വീകരിക്കും. തുടർന്ന് രാത്രി ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും.

ഒക്ടോബർ 11ന് വൈകുന്നേരം ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾ തുടങ്ങും. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥത്തിലെ ആറാട്ടിനുശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

നവരാത്രി പൂജ കഴിഞ്ഞ് ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 23ന് വിഗ്രഹങ്ങളും ഉടവാളും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും. എംഎൽഎമാരായ എം ആർ ബൈജു, സി കെ ഹരീന്ദ്രൻ, എം വിൻസന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, കമ്മിഷണർ ബി സുനിൽകുമാർ, പദ്മനാഭപുരം എംഎൽഎ ആർ ചെല്ലസ്വാമി, കന്യാകുമാരി ജില്ലാ കളക്ടർ എം പ്രതാപ്, പോലീസ് സൂപ്രണ്ട് അൻശുൽ നഗർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...