ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഒക്ടോബർ 10ന് ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയതും മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി സുപ്രീം കോടതി. മെട്രോ സർവ്വീസ് പൂർണ്ണമായി അടച്ചിടാൻ കഴിയില്ലെന്നും അടച്ചിടുന്ന മെട്രോ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയതും മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള നീക്കവും ചോദ്യം ചെയ്തുകൊണ്ട് കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള മുതിർന്ന അഭിഭാഷകരുടെ സംഘം വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധം നടത്താനുള്ള അനുമതി നിഷേധിച്ച ഡൽഹി പോലീസിന്റെ തീരുമാനത്തെ എന്തുകൊണ്ട് പ്രതിഷേധക്കാർ ചോദ്യം ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യാത്തിടത്തോളം കാലം പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിഷേധത്തിന് അനുമതിയില്ലെങ്കിൽ അതൊരു നിയമവിരുദ്ധമായ പ്രതിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഓരോ പൗരനും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അത് പെട്ടെന്നുണ്ടാകുന്ന പ്രതിഷേധമായാൽ പോലും ആ അവകാശം നിലനിൽക്കുമെന്നും വാദിച്ചു. നിശ്ചിത സ്ഥലത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അനുമതിയില്ലാതെ പ്രകടനം നടത്തുന്നത് പ്രതിഷേധക്കാരെ നിയമനടപടികൾക്ക് വിധേയരാക്കിയേക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അനുമതി നിഷേധിച്ചത് സംഘാടകർ ചോദ്യം ചെയ്യുകയും ഒത്തുകൂടലിനെക്കുറിച്ച് ഉറപ്പുകൾ നൽകുകയും ചെയ്താൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്നും ബെഞ്ച് സൂചിപ്പിച്ചു. പങ്കെടുക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം, പ്രതിഷേധക്കാർ സമാധാനപരമായി പെരുമാറുമെന്നും ആയുധങ്ങൾ കൈവശം വെക്കില്ലെന്നുമുള്ള ഉറപ്പുകൾ എന്നിവ കോടതിക്ക് തേടാമെന്നും കോടതി പറഞ്ഞു. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
അതേസമയം, ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണെന്നും അവിടെ പ്രകടനം നടത്താൻ പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും വാദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തുവന്നു. ശനിയാഴ്ചത്തെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെയും ദിപ്കെ വിമർശിച്ചു.
ശനിയാഴ്ച നടക്കാനിരിക്കുന്ന സിജെപിയുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
“യുവജനങ്ങളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ” നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ സർക്കാരിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സിജെപി (CJP) നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നൽകിയ അപേക്ഷ മുൻ പ്രതിഷേധത്തിനിടെയുണ്ടായ നിയമലംഘനങ്ങൾ, പൊതുസുരക്ഷ – ക്രമസമാധാനം – ഗതാഗത നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
