കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ അംഗത്വം നൽകാൻ തീരുമാനം. നിലവിലെ അംഗവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞിയോട് രാജി ആവശ്യപ്പെടും. ഈ ഒഴിവിലായിരിക്കും എ.പി. വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്തുക. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടാണ് കാന്തപുരം സുന്നി പ്രതിനിധി. നിലവിൽ ഹജ്ജ് കമ്മിറ്റി ചെയർമാനായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആ പദവി ഒഴിയുമ്പോൾ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കാമെന്നാണ് ധാരണ. 2017 ഫെബ്രുവരി 6 മുതൽ 2018 ഓഗസ്റ്റ് 13 വരെ ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്നു തൊടിയൂർ. ക്ഷേമനിധി ബോർഡിൽ ഇ കെ വിഭാഗം സമസ്തയ്ക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ ഒൻപതംഗ ഭരണസമിതി നിലവിൽവന്നത്. മുസ്ലിംലീഗ് നേതാവ് എം.സി. മായിൻ ഹാജി ചെയർമാനായ ബോർഡിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ., എം.പി. മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. എന്നാൽ, കാന്തപുരം വിഭാഗത്തിന് പ്രതിനിധിയുണ്ടായിരുന്നില്ലെന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന തങ്ങളെ മന:പൂർവ്വം ഒഴിവാക്കിയെന്ന് ആരോപിച്ച്
കാന്തപുരം വിഭാഗം നേതാക്കളായ റഹ്‌മത്തുള്ള സഖാഫി എളമരം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 22-ന് കേരളത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ മാർച്ചുകൾ നടത്താനും കാന്തപുരം വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്. എന്നീ സംഘടകനൾ തീരുമാനമെടുത്തതാണ്.
ഇത് കൂടി മുന്നിൽ കണ്ട് പ്രശ്‌നം പരിഹരിക്കാൻ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ കോഓർഡിനേഷൻ യോഗം വിളിച്ചു. എന്നാൽ, കാന്തപുരം വിഭാഗം നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു.
സാദിഖലി ശിഹാബ് തങ്ങളുടെ ചില തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ ഒഴിവാക്കപ്പെട്ടതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കാന്തപുരം വിഭാഗത്തെക്കൂടി പിണക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ലീഗ് നേതൃത്വം തിരിച്ചറിവാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
ഇടത് അനുകൂല നിലപാടുകളിൽനിന്ന് മാറി ലീഗുമായി അടുക്കുന്ന എ.പി. വിഭാഗത്തെ തെരുവിലെ പ്രക്ഷോഭത്തിലേക്ക് തള്ളിവിടുന്നത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നും വടക്കൻ കേരളത്തിൽ യു.ഡി.എഫിനുള്ള ന്യൂനപക്ഷ പിന്തുണയെ ബാധിക്കുമെന്നും ലീഗ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തർക്കങ്ങൾ അടിയന്തരമായി പരിഹരിച്ച് വഖഫ് ബോർഡിൽ എ.പി. വിഭാഗത്തിന് പ്രാതിനിധ്യം നൽകാനുള്ള നിർണ്ണായക ഫോർമുലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇതോടെ, കാന്തപുരം സുന്നി വിഭാഗം നടത്താൻ തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് മാർച്ചുകൾ റദ്ദാക്കും.
