ബംഗളൂരു : കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ നിന്ന് കരകയറാൻ ബസ് യാത്ര നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത് പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി (പിടിഎഫ്ആർസി). വർദ്ധനയുമായുമായി ബന്ധപ്പെട്ട റിപ്പോർട്ട് പിടിഎഫ്ആർസി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ബസ് നിരക്കിലെ ശുപാർശകൾ സംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് ഡികെ ശിവകുമാർ സർക്കാരിന് കൈമാറിയത്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ ബസുകളിലാണ് നിരക്ക് വർദ്ധനയ്ക്ക് ശുപാർശ.
കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ബസുകളിൽ 25 ശതമാനം നിരക്ക് വർദ്ധനയാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന് (ബിഎംടിസി) 40 ശതമാനം വർദ്ധനയാണ് ശുപാർശ ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരക്ക് വർദ്ധന ഒഴിവാക്കാൻ സാദ്ധ്യമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം കോർപറേഷനുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തുമെന്നും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും ഗതാഗത മന്ത്രി ബിഎസ് സുരേഷ് അറിയിച്ചു. 2025 ജനുവരി അഞ്ചിനാണ് ആർടിസി (RTC) അവസാനമായി യാത്രാനിരക്കുകൾ 15% വർദ്ധിപ്പിച്ചത്.
സംസ്ഥാനത്തെ ബസ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഈ വർഷം ജൂലൈ പത്തിനാണ് സമിതി രൂപീകരിച്ചത്. ഇതിൻ്റെ ഭാഗമായി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതി പഠനവിധേയമാക്കി. ഇന്ധന വില, സ്പെയർ പാർട്സുകൾ, അറ്റകുറ്റപ്പണികൾ, പുതിയ ബസുകൾ വാങ്ങൽ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ഘടകങ്ങൾ ഇതിൻ്റെ ഭാഗമായി വിലയിരുത്തി.
അതേസമയം, ബസ് നിരക്ക് വർദ്ധന സംബന്ധിച്ച ശുപാർശകളിൽ മാറ്റം വരുത്താനോ ഭേദഗതി ചെയ്യാനോ സംസ്ഥാന സർക്കാരിന് കഴിയുമോയെന്ന് വ്യക്തമല്ല. കർണാടക മോട്ടോർ വെഹിക്കിൾ (ഭേദഗതി) ചട്ടങ്ങൾ, 2025ലെ അധ്യായം 5A-യിലെ ചട്ടം 135(G)(2) പ്രകാരം ആർടിസികളുടെ അതത് ബോർഡുകൾ ഈ ശുപാർശകൾ അംഗീകരിക്കേണ്ടതുണ്ട്.
പ്രൊവിഡന്റ് ഫണ്ട്, ഡീസൽ ചെലവുകൾ, ഗ്രാറ്റുവിറ്റി കുടിശ്ശിക, വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള തുക എന്നിവയുൾപ്പെടെ ഏകദേശം 6,600 കോടി രൂപയുടെ ബാദ്ധ്യതകളാണ് ഈ കോർപ്പറേഷനുകൾക്കുള്ളത്. ഡീസൽ വില വർദ്ധനവും ജീവനക്കാരുടെ വേതനവും കാരണം പ്രവർത്തനച്ചെലവ് കൂടിയെന്നാണ് കോർപ്പറേഷനുകളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി കോർപ്പറേഷനുകൾ 33 ശതമാനം നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടു. ബിഎംടിസി 40 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടത്.
ആർടിസികളുടെ കണക്കനുസരിച്ച് 2026 ജൂലൈ ഒന്നുമുതൽ നടപ്പിലാക്കിയ 12.5 ശതമാനം ശമ്പള വർദ്ധനവ് അവരുടെ വാർഷിക ചെലവിൽ 873.64 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തിവെച്ചു. ഡീസൽ വിലയിൽ ലിറ്ററിന് 7.81 രൂപ കൂടിയത്ത് ഇന്ധനച്ചെലവിൽ പ്രതിവർഷം 395 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടാക്കിയത്.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി’ (Shakti) പദ്ധതി തിരിച്ചടിയായെന്നാണ് മറ്റൊരു കവിലയിരുത്തൽ. ഇതുമൂലം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാരുടെ എണ്ണം 48 ശതമാനത്തിൽ നിന്ന് 36 ശതമാനമായി കുറഞ്ഞു. ഇതോടെ ദിവസേനയുള്ള വരുമാനത്തിൽ കുറവുണ്ടായെന്ന് ആർടിസികൾ ചൂണ്ടിക്കാട്ടി. 2023 ജൂൺ മുതൽ 2026 ജൂലൈവരെയുള്ള കാലയളവിൽ ശക്തി പദ്ധതിക്കായി ആർടിസികൾ 20,956 കോടി രൂപ ചെലവഴിച്ചെങ്കിലും 15,305 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്. 5,651 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. 2026 – 2027 വർഷത്തിൽ അനുവദിച്ച 5,300 കോടി രൂപയിൽ ഇതുവരെ 3,080 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
