Sunday, October 11, 2026

‘പാർലമെന്റ് അംഗമാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും ഉപദ്രവിച്ചു, പോലീസ് നരനായാട്ടിൽ അന്വേഷണം വേണം’: രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

Date:

ന്യൂഡൽഹി : മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്കെതിരെ ഉണ്ടായ ക്രൂരമായ പോലീസ് ആക്രമണത്തിൽ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ട് രാഷ്ട്രപതി, രാജ്യസഭാ അദ്ധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, കണോട്ട് പ്ലേസിൽ വെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ഡൽഹി പൊലീസും സി.ആർ.പി.എഫും ചേർന്ന് ബ്രിട്ടാസിനെ ബലമായി കസ്റ്റഡിയിലെടുത്തത്.

പാർലമെന്റ് അംഗമാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും പോലീസ് വാഹനത്തിലേക്ക് തള്ളിയിടുകയും, സീറ്റിനടിയിലേക്ക് അമർത്തിപ്പിടിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്ന് എം.പി പറയുന്നു.  പോലീസുകാരുടെ ബോഡി ക്യാമറ ദൃശ്യങ്ങളിലൂടെ സംഭവം ശ്രദ്ധയിൽപ്പെട്ട ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ റാവത്ത് കൺട്രോൾ റൂമിൽ നിന്ന് ഇടപെട്ട് എം.പിയെ ഉടൻ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു

കസ്റ്റഡി നിയമവിരുദ്ധമാണെന്ന് കണ്ട് പോലീസുകാർ എം.പിയെ വഴിയോരത്ത് ഇറക്കിവിട്ടു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അദ്ദേഹത്തെ ജാർഖണ്ഡ് സ്വദേശിയായ സാജിദ് ഹുസൈൻ എന്ന യുവാവാണ് ഓട്ടോറിക്ഷയിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം.പിയെ ആശുപത്രിയിലേക്ക് മാറ്റി.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് കത്തിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. സംഭവസ്ഥലത്തെയും കൺട്രോൾ റൂമിലെയും അൺഎഡിറ്റഡ് വീഡിയോകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, വയർലെസ് ലോഗുകൾ എന്നിവ തെളിവായി സംരക്ഷിക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ദൃക്സാക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ഭീഷണിയുണ്ടാകാതിരിക്കാൻ സംരക്ഷണം ഉറപ്പാക്കണമെന്നും പാർലമെന്ററി അവകാശലംഘന വിഷയത്തിൽ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അതേദിവസം തന്നെയാണ് ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെയും ജനപ്രതിനിധിയുടെ സുരക്ഷയെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ പോലീസ് നടപടിയുണ്ടായത്.

ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരായ പോലീസ് അതിക്രമത്തെ അപലപിച്ച് നിരവധി പേർ രംഗത്തെത്തി. ജോൺ ബ്രിട്ടാസ് എംപിയ്ക്കെതിരായ പോലീസ് നരനായാട്ട് ഞെട്ടിക്കുന്നതായും ദില്ലി പൊലീസ് അന്വേഷണം നടത്തണമെന്നും ശരി തരൂർ എംപി ആവശ്യപ്പെട്ടു.

ആദരണീയനായ ഒരു പാർലമെന്റേറിയനും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ സജീവ അംഗവുമാണ് ഡോ ജോൺ ബ്രിട്ടാസ് എംപി. ആ നിലയിൽ, വിശിഷ്ടനായ ഒരു അംഗത്തോടുള്ള ഈ മോശം പെരുമാറ്റത്തെ ഞാൻ അപലപിക്കുകയും, ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ദില്ലി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി ശശി തരൂർ എക്സ് പോസ്റ്റിൽ കുറിച്ചു. ജനാധിപത്യത്തിൽ നിർബ്ബന്ധമായും ഉയർത്തിപ്പിടിക്കേണ്ട ചില പോലീസ് പ്രവർത്തന മാനദണ്ഡങ്ങളുണ്ടെന്നും ശശി തരൂർ എംപി ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...

‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി

ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ...