Saturday, September 12, 2026

‘ഒൻപതാം വേദിയിൽ ഉണർന്ന സദാചാര ബോധം!’; മിസ’യ്ക്ക് എതിരായ ആക്രമണത്തിൽ പ്രതികരിച്ച് ചിന്നു ചിലങ്കയും സനോജും

Date:

തൃശ്ശൂര്‍ : മിസ എന്ന നാടകം മുന്‍പ് എട്ട് വേദികളില്‍ അവതരിപ്പിച്ചിരുന്നു. ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. കര്‍ഷക സംഘത്തിന്റെ പരിപാടിയിലും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന വേദികളിലുമാണ് നാടകം മുൻപ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒന്‍പതാമത്തെ വേദിയിലാണ് അവര്‍ക്ക് സദാചാരബോധം ഉണര്‍ന്നത് – സ്‌നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ എന്ന നാടകത്തിനെതിരെ ഉയര്‍ന്ന സദാചാര ആക്രമത്തില്‍ പ്രതികരിച്ച് നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക.

“വിമര്‍ശനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ വ്യക്തിപരമായി എടുക്കുന്നില്ല. നാടകത്തിലൂടെ കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞത്. ആര്‍ക്കാണോ കൊള്ളേണ്ടത് അവര്‍ക്ക് കൊണ്ടു.” ചിന്നു ചിലങ്ക കൂടിച്ചേർത്തു. അഭിനേതാവിന്റെ ടൂളാണ് ശരീരവും ശബ്ദവും. ശരീരവും ശബ്ദവുംവെച്ചാണ് അവര്‍ ജനങ്ങളോട് സംവദിക്കുന്നത്. കലയെ സദാചാരബോധത്തോടെ കാണുന്നത് വികലമായ ചിന്തകള്‍ മൂലമാണ്. താന്‍ പറഞ്ഞ രാഷ്ട്രീയം കൃത്യമായ ഇടങ്ങളില്‍ എത്തി എന്നതില്‍ സന്തോഷിക്കുന്നുവെന്നും ചിന്നു ചിലങ്ക വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ രൂക്ഷമായ സദാചാര ആക്രമണമാണ്  നടന്നത്. നാടകത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിച്ചായിരുന്നു ആക്രമണം.  മറുഭാഗത്ത്, ഇതിനെതിരെ മട്ടന്നൂര്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായി വി കെ സനോജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സനോജിൻ്റെ വിമര്‍ശനം.

1978-79 കാലത്ത് കോട്ടയത്തുവെച്ച് നടന്ന സര്‍വ്വകലാശാല കലോത്സവത്തില്‍ സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയാണ് സനോജ് വിമര്‍ശനം ഉന്നയിച്ചത്. നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ കോൺഗ്രസ്കാരെ വെല്ലുവിളിച്ച് നന്ദന പരിപാടിയില്‍ പങ്കെടുത്തത് സനോജ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് പിന്‍ തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്‌നേഹലത റെഡ്ഡിെന്നും കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് സനോജ് പറഞ്ഞു.

ഡിവൈഎഫ്ഐ സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട’ മിസ’ എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട്‌ വെയ്ക്കുന്നത്‌ അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ്‌. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അദ്ധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ.

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ്‌ സ്നേഹലതയുടേത്‌. ആ സ്നേഹലതയുടെ കഥയാണ്‌ മിസ എന്ന നാടകം പറയുന്നത്‌.

കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച്‌ ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.

ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ്‌ സ്നേഹലതയുടെ ജീവിതം വരച്ച്‌ കാട്ടുന്ന ‘മിസ’ മുന്നോട്ട്‌ വെയ്ക്കുന്നത്‌.

അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്‌ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്‌. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല – സനോജ് പറഞ്ഞു.

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...