Friday, October 2, 2026

‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ

Date:

തൃശൂര്‍ : മകൾ വീണയ്‌ക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി.  തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡി ഏതെങ്കിലും കേസിൽ പത്രക്കുറിപ്പ് ഇറക്കുന്ന പതിവുണ്ടോ എന്ന് ചോദിച്ച പിണറായി വിജയൻ, തൻ്റെ മകളാണെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിൻ്റെ ഔചിത്യവും ചൂണ്ടിക്കാട്ടി. മനോരമ വാർത്തയ്ക്കെതിരെയും പിണറായി വിജയൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എന്റെ കൈകളില്‍ കറപുരളിക്കാമെന്ന് മാമന്‍ മാത്യുവോ മനോരമയോ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്നും
പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്ന് മനോരമ കരുതുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ പിണറായി തള്ളിക്കളഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധമാണെന്നും അവജ്ഞാപൂർവ്വം ഈ പ്രസ്താവനയെ പാർട്ടി തള്ളിക്കളയുന്നുവെന്നും സിപിഐഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിലൂടെ വളർന്നു വന്നിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചുതരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദമെന്നും എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമര്‍ശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേന്‍ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയില്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചത്. ദിനംപ്രതി വില വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടു. ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. വില പിടിച്ച് നിര്‍ത്താന്‍ ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഇത്തവണ അത്തരം നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല. അരി, പഞ്ചസാര, ഉള്‍പ്പെടെയുള്ള ഉപയോഗ സാധനങ്ങള്‍ക്ക് വിലകൂടി.
അരി വില 15 രൂപ കൂടി. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരിവിതരണം കുറച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുതിര്‍ന്നവര്‍ക്ക് ആയിരം രൂപ നല്‍കുന്ന പദ്ധതി വെട്ടിക്കുറച്ചു. ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുമ്പേ ലഭിക്കുമോ എന്നതിലും ഉറപ്പില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...