ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ(USCIRF) നിർദ്ദേശത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. അപകീർത്തിപരവും പ്രകോപനപരവുമായ പരാമർശങ്ങളാണ് അമേരിക്കൻ സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു.
‘പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണ് USCIRF. ഇത്തരം സംഘടനകൾക്ക് അവരുടേതായ അജണ്ടകളുണ്ട്. അവയ്ക്ക് വിശ്വാസ്യതയുമില്ല. അതിനാൽ അവയിൽ നിന്ന് നമ്മൾ അകലം പാലിക്കണം. ഇന്ത്യയുടെ ബഹുസ്വരമായ ഘടനയിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനോ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം അംഗീകരിക്കാനോ USCIRF തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് ജയ്സ്വാൾ പറഞ്ഞു.
പാക്കിസ്ഥാനിൽ ജനിച്ച അമേരിക്കൻ പൗരനും പാക്കിസ്ഥാൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ്. നേരത്തെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനം വിലക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഓഗസ്ത് 29-നാണ് ‘യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻസിൽ’ പങ്കെടുക്കാനായി അദ്ദേഹം ന്യൂയോർക്കിലെത്തുന്നത്. പിന്നാലെയാണ് ആർഎസ്എസിനുമേൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്രപരമായ ആദരവുകൾ നൽകരുതെന്ന് ആസിഫ് പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിയ ഉപവിഭാഗങ്ങളുള്ള ഏകോപിത സംഘടനയാണ് ആർഎസ്എസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങളാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ആർഎസ്എസ് നേതാക്കൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെങ്കിൽ പോലും അവർക്ക് ഉന്നതതല യോഗങ്ങളോ നയതന്ത്ര പരിഗണനകളോ നൽകരുതെന്ന് US-CIRF കമ്മിഷണർ ജീൻ മിൽസ് ആണ് എക്‌സിലൂടെ പ്രതികരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് അംഗമാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് ചെയർമാൻ ആസിഫ് മഹ്‌മൂദ് ചൂണ്ടിക്കാട്ടിയ കാര്യവും മിൽസ് പരാമർശിച്ചിട്ടുണ്ട്.
യുഎസ് ഫെഡറൽ സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് USCIRF. യുഎസ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോൺഗ്രസ് എന്നിവർക്ക് നയപരമായ ശുപാർശകൾ നൽകുന്നതിനൊപ്പം അവ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന ഉത്തരവാദിത്തവും ഇവർക്കാണ്. നേരത്തെ മാർച്ചിൽ മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യക്കെതിരേയും USCIRF വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (country of particular concern) ആയി പ്രഖ്യാപിക്കണമെന്നാണ് വാർഷിക റിപ്പോർട്ടിൽ അവർ ശുപാർശ ചെയ്തത്.
