തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഇത്തരമൊരു യോഗം നടന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്‍റെയും അന്തസ്സത്തയെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മില്‍ വേര്‍തിരിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണെന്നും പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പിണറായി വിജയൻ്റെ ഫെയ്സ് കുറിപ്പ് പൂർണ്ണരൂപം –
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു യോഗം നടന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്‍റെയും അന്തസ്സത്തയെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മില്‍ വേര്‍തിരിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണ്. കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പൊതുസേവകര്‍ക്കെതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം മുതലായവ അന്വേഷിക്കാന്‍ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്.
തെളിവുകള്‍ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്തി പൊതുസേവകര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാനും നിയമപരമായ അധികാരമുള്ള സംവിധാനമാണിത്. ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കേണ്ട ജഡ്ജിമാരെ സര്‍ക്കാര്‍ പ്രതിനിധികളുടെയും പ്രോസിക്യൂഷന്‍ മേധാവിയുടെയും സാന്നിധ്യത്തില്‍ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കാന്‍ ഇടയാക്കും.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ലോകായുക്തയുടെ സ്വയംഭരണാധികാരത്തെയും നിഷ്പക്ഷതയെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ക്കും സ്വാഭാവിക നീതിക്കും അനുസൃതമായി ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അത് ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയവരാണ് ഇന്നത്തെ ഭരണപക്ഷം. മാത്രമല്ല, നിയമഭേദഗതി ലോകായുക്തയുടെ നീതിന്യായ അധികാരത്തിേന്മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച് ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയ വ്യക്തിയാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആ കേസ് ഹൈക്കോടതി തള്ളുകയായിരുന്നു.
സര്‍ക്കാരിന്റെ അനുചിതമായ രീതിയിലുള്ള ഇടപെടലാണ് തിരുവനന്തപുരത്തു ചേർന്ന ഈ യോഗം. ലോകായുക്താ ന്യായാധിപരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന നടപടി ഔചിത്യപൂര്‍വ്വമല്ല. ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ നീക്കം സർക്കാരും മന്ത്രിമാരും ആവര്‍ത്തിക്കരുത്. ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
