ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം. ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും, വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ (CBI) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു
മധുര സ്വദേശിയായ കെ.കെ. രമേശാണ് സുപ്രീം കോടതിയിൽ ഈ നിർണ്ണായക ഹർജി സമർപ്പിച്ചത്. ജനാധിപത്യ തത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് കടുത്ത ധാർമ്മിക ലംഘനങ്ങളിലൂടെയും അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളിലൂടെയുമാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ലെന്നും, പിന്നീട് നടന്ന വിശ്വാസപ്രമേയ വോട്ടെടുപ്പിൽ എംഎൽഎമാരെ സാമ്പത്തികമായി സ്വാധീനിച്ചും രാഷ്ട്രീയ സമ്മർദ്ദങ്ങൾ ചെലുത്തിയുമാണ് പാർട്ടി ഭൂരിപക്ഷം ഒപ്പിച്ചെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. തമിഴ്‌നാട് നിയമസഭയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ ചില എംഎൽഎമാരെ കൂറുമാറ്റാൻ വൻതോതിലുള്ള കുതിരക്കച്ചവടമാണ് നടന്നതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനായി ചില പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറിയതായും ആരോപണമുണ്ട്. വൻ തുക കൈപ്പറ്റിയതിനെത്തുടർന്ന് ചില എംഎൽഎമാർ സ്വന്തം പാർട്ടികളുടെ വിപ്പ് നിർദ്ദേശങ്ങൾ പോലും പരസ്യമായി ലംഘിച്ചുകൊണ്ട് ഭരണപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. തുടർന്ന് സിപിഐ, സിപിഐഎം തുടങ്ങിയ ഇടതുപക്ഷ പാർട്ടികളും വിസികെയും (VCK) കോൺഗ്രസും ഏതാനും സ്വതന്ത്ര എംഎൽഎമാരും ടിവികെയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പാർട്ടിക്ക് കേവലഭൂരിപക്ഷം മറികടക്കാനും സർക്കാർ രൂപീകരിക്കാനും സാധിച്ചത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എന്നാൽ, ഭരണകക്ഷി നിയമസഭാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ രീതി തികച്ചും സംശയാസ്പദമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു. നിയമസഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമം പൂർണ്ണമായും അഴിമതിയാൽ മലിനമാക്കപ്പെട്ടതാണെന്ന് ആരോപിക്കുന്ന ഹർജിയിൽ, എംഎൽഎമാരെ കോടികൾ നൽകി വിലയ്ക്ക വാങ്ങിയതിനെക്കുറിച്ച് വിശദമായ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. കേസിൽ കേന്ദ്ര സർക്കാർ, സിബിഐ, തമിഴ്‌നാട് സർക്കാർ എന്നിവർ എതിർകക്ഷികളാണ്.
വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട ഹർജിക്കാരൻ, അന്വേഷണം പൂർത്തിയാകുന്നത് വരെ തമിഴ്‌നാട്ടിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യാൻ കോടതി തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചു
