പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെന്ന റിപ്പോർട്ട് വിവാദമായതിന്റെ പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്തുവരുന്നു. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കിയത് വൻ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടർന്ന്, ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യവും നിരാകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരാഴ്ചയ്ക്കിടെ എട്ടു തവണ കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും അതൊന്നും അംഗീകരിച്ചില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ 97 വോട്ടര്‍മാര്‍ പിന്നീട് മതിയായ രേഖകള്‍ സമര്‍പ്പിച്ചു. ഇവ വിശ്വാസയോഗ്യമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സോഫ്ട് വെയറിലെ തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ എട്ടുതവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് വിമർശനം
ഗോവയിലെ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെ, ഫെബ്രുവരി 17നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടാം തവണ കത്തയച്ചത്. ഈ കത്തിനൊപ്പം പട്ടികയില്‍ നിന്നും ഒഴിവായ 97 പേരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള എല്ലാ പ്രക്രിയകളിലൂടെയും ഇവര്‍ അര്‍ഹരാണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരുന്നുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കത്തിൽ വ്യക്തമാക്കുന്നു. ഇവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം തിരുത്തണമെന്ന് വ്യക്തമായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചില്ല.
ഫെബ്രുവരി 21ന് പുറത്ത് വന്ന അന്തിമ പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നു. ഈ മാസം 20 വരെയും ഒഴിവാക്കപ്പെട്ട 97 പേരുടെ പേരും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം പരിശോധിച്ചെന്നും ദി ഇന്ത്യന്‍ എക്സപ്രസ് പറയുന്നു. EROതലത്തില്‍ വോട്ടര്‍മാരെ വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള രീതി സജ്ജമാക്കണമെന്നാണ് ഗോവ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജയ് ഗോയല്‍ ആവശ്യപ്പെടുന്നത്.
അതേസമയം, എസ്ഐആര്‍ വഴി വോട്ടു മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായിരിക്കുകയാണ്. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് വിശ്വാസ്യത തകർത്ത ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബിഹാർ, ബംഗാൾ, ഉൾപ്പെടെ എസ് ഐ ആർ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവ്, മമത ബാനർജി, സഞ്ജയ് റാവത്ത് ഉൾപ്പെടെ നേതാക്കളും രംഗത്ത് വന്നു.
