തിരുവനന്തപുരം : സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് കിരീടം സമർപ്പിച്ചത്. പരിശോധനയിൽ മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവിൽ സ്ട്രോങ് റൂമിലുള്ളതെന്ന് കണ്ടെത്തി. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിൻ്റെ തൂക്കം 240 ഗ്രാം മാത്രമാണ്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരൻ്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം കാണാനില്ല എന്നത് തിരിച്ചറിഞ്ഞത്. ആറന്മുളയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവൻ്റെ സ്വർണ്ണ മാലയും കാണാതായിട്ടുണ്ട്. കിരീടം മറ്റെവിടെയെങ്കിലും മാറ്റിവച്ചോ എന്നതിൽ വ്യക്തതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. പരിശോധിച്ച് കാര്യങ്ങൾ വ്യക്തമാക്കാമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.
കളവ് പോയെങ്കിൽ അത് വളരെ വലിയ വിഷയംതന്നെയാണെന്നും ജയകുമാർ പറഞ്ഞു. സ്വർണ്ണക്കിരീടം ശബരിമലയിലെ സട്രോങ് റൂമിൽ ഇല്ലെങ്കിൽ ആറന്മുളയിലാണ് കാണേണ്ടത്. വേറെ എവിടെയും പോകാൻ പാടില്ല. ചിലപ്പോൾ നിത്യനിദാനപൂജകൾക്ക് ആവശ്യമാണെന്നോ മറ്റോ തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശബരിമലയിൽ സൂക്ഷിക്കണം. അല്ലെങ്കിൽ അത് ആറന്മുളയിൽ കൊണ്ടുവെയ്ക്കണം. ആറന്മുളയിൽ കിരീടം ഇല്ലെങ്കിൽ അത് ശബരിമലയിലെ സിസ്റ്റത്തിന്റെ പരാജയമാണ്. സ്വർണം പോലുള്ള ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ കർശനമായ പ്രോട്ടോക്കോൾ പാലിക്കണം.
ശബരിമലയിലേക്ക് സമർപ്പിക്കുന്ന വിലകൂടിയ വസ്തുക്കൾ ആദ്യം ശബരി മലയിലെ ലോക്കറിൽ വെച്ച് പിന്നീട് ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഇത് ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. അതീവ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയാണ് ഇത്. എക്സിക്യുട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് ലോക്കർ തുറക്കേണ്ടത്. തുറക്കുമ്പോൾ മുതൽ അടയ്ക്കുന്നതുവരെ നടക്കുന്ന എല്ലാകാര്യങ്ങളും മഹസറിൽ രേഖപ്പെടുത്തുകയും വേണമെന്നും ജയകുമാർ വ്യക്തമാക്കി.
