ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ആദിൽ സജീവാണ് (35) മരിച്ചത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മാരാരിക്കുളം കളത്തിട്ട് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം.
ദേശീയപാതയിൽ നിന്ന് സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിയുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
