കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നഗരത്തിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ , ഐസിഎസ്ഇസ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലും നഗരത്തിലെ പ്രധാന പാതകളിലും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
