(Photo Courtesy : X)
സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ പാടെ അവഗണിച്ചു കൊണ്ട് സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. അരാംകോയുടെ ചീഫ് എക്സിക്യൂട്ടീവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന ഓഫീസുകള് ഉള്പ്പെടെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ മൂന്ന് നിലകള്ക്ക് കേടുപാടുകള് സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി അരാംകോ കെട്ടിടത്തിൽ ചെറിയ തീപിടിത്തമുണ്ടായതായി സൗദി അറേബ്യയുടെ ഊര്ജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
ബുധനാഴ്ച ഹൂതികള് സൗദി തലസ്ഥാനത്തെ ലക്ഷ്യമാക്കി ആക്രമണം തുടര്ന്നിരുന്നു. റിയാദിന് മുകളില് സ്ഫോടനങ്ങള് നടന്നതായി പ്രദേശവാസികള് വ്യക്തമാക്കിയതായാണ് അന്താരാഷ്ട്രമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നഗരത്തില് വ്യോമാക്രമണ മുന്നറിയിപ്പുകളും മുഴങ്ങിയിരുന്നു. നിര്വീര്യമാക്കിയ ഡ്രോണിന്റെ അവശിഷ്ടങ്ങള് വീണ് ഒരാള്ക്ക് പരിക്കേറ്റതായി സൗദി അധികൃതര് അറിയിച്ചു. റിയാദ്, ദഹ്റാന്, അല്-ഖര്ജ് നഗരങ്ങള് ലക്ഷ്യമാക്കി ഹൂതികള് തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും തടസ്സപ്പെടുത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചു.
യമന് തലസ്ഥാനമായ സനായില് സൗദി അറേബ്യ നടത്തിയ ആക്രമണങ്ങള്ക്കുള്ള തിരിച്ചടിയായാണ് ഹൂതികളുടെ ആക്രമണം. വരും ദിവസങ്ങളിലും സൗദി അറേബ്യയുടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്ന് ബുധനാഴ്ച ഹൂതികള് മുന്നറിയിപ്പ് നൽകി.
ഹൂതികള്ക്കെതിരായ സൗദിയുടെ ആക്രമണങ്ങളില് പങ്കുചേരുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, അമേരിക്കന് സൈന്യം ഇടപെട്ടാല് മിഡില് ഈസ്റ്റിലുടനീളമുള്ള യുഎസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട കേന്ദ്രങ്ങളേയും ആക്രമിക്കുമെന്ന് ഹൂതികള് തിരിച്ചടിച്ചു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില ഉയര്ത്താന് വിമതര് ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ ആക്രമണങ്ങള് താന് മറക്കില്ലെന്നായിരുന്നു അമേരിക്കന് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
