Friday, October 16, 2026

‘കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു യുഡിഎഫ് സര്‍ക്കാര്‍’ – വിമര്‍ശനവുമായി പിണറായി വിജയന്‍

Date:

തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള  സംസ്ഥാന സര്‍ക്കാർ നടപടിയിൽ ശക്തമായ വിമര്‍ശനവുമായി പിണറായി വിജയന്‍. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ കിഫ്ബിയെ തകര്‍ക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പിണറായി വിജയന്‍ ആരോപിച്ചു. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ മഹത്വവല്‍ക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങള്‍ അതേപടി പകര്‍ത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുപത്തഞ്ചോ അമ്പതോ വര്‍ഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ ഇപ്പോള്‍ത്തന്നെ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബി വഴി സാധ്യമാക്കിയത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച ഘട്ടത്തില്‍ അതിനെ ഏറ്റവും രൂക്ഷമായി പരിഹസിച്ചവരാണിപ്പോള്‍ അതിന്റെ അവിശ്വസനീയമായ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച് അതിനെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

കിഫ്ബിയെ തകര്‍ക്കുക എന്നത് ഒരു മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത കൂടിയാണ്. ഭാവി വരുമാനത്തെ ഉറപ്പാക്കി ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയത്. സ്‌കൂളുകളും ആശുപത്രികളും പാലങ്ങളും ഉള്‍പ്പെടെ 40,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്ലാന്‍ ഫണ്ടിന് പുറമേയുള്ള ഈ ബജറ്റിതര വിഭവസമാഹരണമാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റിയത്. പിണറായി പറഞ്ഞു.

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കും ഗിഫ്റ്റ് സിറ്റിക്കും ഉള്‍പ്പെടെ ഭൂമി ഏറ്റെടുക്കാന്‍ 16,108 കോടി രൂപ നല്‍കുന്നത് കിഫ്ബിയാണ്. കൊച്ചി വാട്ടര്‍ മെട്രോ, ട്രാന്‍സ് ഗ്രിഡ്, കെ-ഫോണ്‍, ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചി പെട്രോകെമിക്കല്‍ പാര്‍ക്ക് തുടങ്ങിയ വന്‍കിട പദ്ധതികളുടെയും ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിന്റെയും നട്ടെല്ല് കിഫ്ബി നിക്ഷേപമാണ്. കേന്ദ്രം പൂര്‍ണ്ണമായി വഹിക്കേണ്ട ദേശീയപാതാ വികസനത്തിന് കേരളം നല്‍കിയ 25% വിഹിതമായ 6,000 കോടി രൂപ നല്‍കിയതും കിഫ്ബിയാണ്. ഇതെല്ലാം മറച്ചുപിടിച്ചാണ് ഇപ്പോള്‍ കുറ്റപത്രം ചമയ്ക്കുന്നതെന്ന് പിണറായി ആരോപിച്ചു.

കിഫ്ബി വായ്പകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3) പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടപരിധിയില്‍ വരുമോ എന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന താല്പര്യം ബലികഴിച്ച് കേന്ദ്രത്തിന് കീഴടങ്ങുന്നതെന്നും പിണറായി വിമര്‍ശിച്ചു. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് യുഡിഎഫ് എംഎല്‍എമാരും വ്യക്തമാക്കണമെന്നും കിഫ്ബിയെ ഇല്ലായ്മ ചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share post:

Popular

More like this
Related

തിരം​ഗ മാർച്ച്: അഭിജീത് ദീപ്കെയും നേഹാ ബോറയും കസ്റ്റഡിയിൽ, കോടതി നിർദ്ദേശം അവഗണിച്ച് വീണ്ടും പോലീസ് നടപടികൾ

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ട്  സിജെപി...

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

കൊച്ചി : സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്...

സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ചത് വൻ പ്രതിസന്ധി; ബസ് ടിക്കറ്റ് നിരക്ക് 25% ഉയർത്താൻ നിർദ്ദേശം, റിപ്പോർട്ട് സർക്കാരിന് മുന്നിൽ

ബംഗളൂരു :  കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയന് സമൻസ് അയച്ച് ഇ.ഡി

തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക്  കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്....