ന്യൂഡല്ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില് സിജെപി ആഹ്വാനം ചെയ്ത തിരംഗ മാര്ച്ച് ആരംഭിക്കാനിരിക്കെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദീപ്കെയും ഐസ നേതാവ് നേഹ ബോറയും എവിടെയെന്നതിൽ വിവരമില്ല. കസ്റ്റഡിയിൽ എടുത്ത ഇരുവരെയും അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. ഇരുവരെയും ബന്ധപ്പെടാൻ ആകുന്നില്ലെന്നാണ് ഐസയുടെയും സിജെപിയുടെയും നേതാക്കളും പ്രവർത്തകരും പറയുന്നത്. നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെയെന്ന് ചോദ്യവുമായി ഇതിനകം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തി.
വൈകുന്നേരം തിരംഗ മാർച്ചിന് പോകാൻ ഇറങ്ങവെയാണ് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയെ വസതിക്ക് വെളിയിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് തൊട്ട് പിന്നാലെ തന്നെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരംഗ മാര്ച്ച് നടത്താന് പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അഭിജീത് ദീപ്കെ പോലീസ് നോട്ടീസ് നൽകിയിരുന്നു. ദേശീയ പാതാകയുമായി പൗരന്മാര്ക്ക് രാജ്യത്ത് റാലി നടത്താന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള് ഉള്ളതെന്ന് ദീപ്കെ അറസ്റ്റിന് മുമ്പ് പ്രതികരിച്ചു.
മണ്ഡി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ചിനിടെയാണ് എഐഎസ്എ ദേശീയ അദ്ധ്യക്ഷ സഖാവ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തത്. ആദ്യം അവരെ സൗത്ത് വെസ്റ്റ് ജില്ലാ ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നിയമസഹായത്തിനായി അഭിഭാഷകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും സിപിഐ(എംഎൽ) ലിബറേഷൻ പ്രസ്താവനയിൽ അറിയിച്ചു
