തിരുവനന്തപുരം : യു പി എസ് ടി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സമരവഴിയിൽ തന്നെ. അഞ്ച് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന തങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് റാങ്ക് ഹോൾഡർമാർ മാധ്യമങ്ങളോട് പറഞ്ഞു. നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നതെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു. പ്രശ്നപരിഹാരത്തിനായി സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും നിയമപരമായ കാര്യങ്ങൾ ഉൾപ്പെടെ പഠിച്ച ശേഷമാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
സർക്കാരിൽ നിന്ന് പുതിയ ഉറപ്പുകൾ ലഭിക്കുന്നതല്ല തങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ രേഖാമൂലം ലഭിക്കണമെന്നുമാണ് പ്രധാന ആവശ്യമെന്നും റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി. പ്രതിഷേധം അവസാനിപ്പിച്ചാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നേരത്തെയും സമാനമായ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം, എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമ്പോൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനകാര്യത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.
