കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ എറണാകുളം തേവരയിലുള്ള സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി.) വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ എറണാകുളം പച്ചാളത്തുള്ള വസതിയിലും ഓഫീസിലും പരിശോധന നടത്തി വിജിലൻസ്. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ്. ഡോളറും പിടിച്ചെടുത്തു.
2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്‍ തന്റെ നിയമാനുസൃതവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നുല്‍ തേവരയിലുള്ള ജി.എസ്.ടി. ജോയിന്റ് കമ്മീഷണറുടെ ഓഫീസ്, പ്രജനി രാജന്റെ പച്ചാളത്തുള്ള വസതി, പച്ചാളത്തു തന്നെയുള്ള ഇവരുടെ മറ്റൊരു വസതി എന്നിവിടങ്ങളിലായി വിജിലന്‍സ് റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. എറണാകുളം സ്‌പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട് എം.ജെ. സോജന്റെ മേല്‍ നോട്ടത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിടിച്ചെടുത്ത പണവും മറ്റ് രേഖകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യര്‍ത്ഥിച്ചു.
